സ്വന്തം ലേഖകന്‍: മുംബൈ ചലച്ചിത്ര മേളയില്‍ പാക് ക്ലാസിക് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന്‍` വിലക്ക്. 18 മത് മുംബൈ ചലച്ചിത്ര മേളയില്‍ 1958 ല്‍ പുറത്തിറങ്ങിയ ജഗോ ഹൂവാ സവേര എന്ന’ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് വിലക്ക് നേരിട്ടത്. അക്കാഡമി ഓഫ് മൂവിങ് ഇമേജിന്റേതാണ് തീരുമാനം.
നേരത്തെ സംഘാടകര്‍ ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുത്തപ്പോള്‍ ദൈനീക് ജഗ്രാന്‍ എന്ന സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.
ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തിന് ശേഷം പാക് കലാകാരന്മാരെ ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന് ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രമേയവും പാസാക്കിയിരുന്നു. ഇതിനിടെ പാക് താരങ്ങള്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രാ നവനിര്‍മ്മാണസേനയും രംഗത്തെത്തിയിരുന്നു.
വിലക്ക് ശക്തമായതോടെ ബോളിവുഡ് താരങ്ങള്‍തന്നെ രണ്ടു ചേരിയായി തിരിഞ്ഞിരുന്നു. പാക് താരം ഫവദ് ഖാന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന കരണ്‍ ജോഹറിന്റെ യെ ദില്‍ ഹൈ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ റിലീസും പ്രതിസന്ധിയിലായി. അതിനു തൊട്ടുപുറകെയാണ് മുംബൈ ചലച്ചിത്ര മേളയില്‍ നിന്ന് പാക് ചിത്രം നീക്കം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല