സ്വന്തം ലേഖകന്‍: പാകിസ്താന്റെ ആണവ മിസൈല്‍ പരീക്ഷണം തട്ടിപ്പെന്ന് ഇന്ത്യന്‍ നാവികസേന. ഇന്ത്യയുടെ ബ്രഹ്മോസിനെ വെല്ലുവിളിച്ച് പാക്കിസ്ഥാന്‍ നടത്തിയ ആണവ മിസൈല്‍ പരീക്ഷണം വ്യാജമായിരിക്കാമെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ നാവികസേന വൃത്തങ്ങള്‍ തിങ്കളാഴ്ച ഇന്ത്യ മഹാസമുദ്രത്തില്‍ പാക്കിസ്ഥാന്‍ ഒരു മിസൈല്‍ പരീക്ഷണവും നടത്തിയിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ബാബര്‍ 3 ആണവ മിസൈല്‍ പരീക്ഷണം വിജയകരം എന്ന പേരില്‍ പുറത്തുവിട്ടത് പഴയ വിഡിയോ ആയിരിക്കാമെന്നാണ് നാവികസേനയുടെ വിശദീകരണം. വെള്ളത്തിനടിയില്‍നിന്ന് മിസൈല്‍ ഉയരുന്നതിന്റെയും കരയിലെ ലക്ഷ്യസ്ഥാനത്തു പതിക്കുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. വെള്ളത്തില്‍നിന്ന് പൊങ്ങിവരുന്ന മിസൈലിന് ചാരനിറവും പിന്നീടു കാണിക്കുന്നതിന് ഓറഞ്ച് നിറമാണെന്നും നാവികസേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കരയില്‍നിന്നു വിക്ഷേപിക്കാവുന്ന ബാബര്‍–2 മിസൈലിന്റെ പരിഷ്‌കൃത രൂപമായ ബാബര്‍–3ന്റെ ആദ്യ പരീക്ഷണമാണിതെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. 450 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. ഇന്ത്യാ സമുദ്രത്തിനടിയില്‍ നിന്നു വിക്ഷേപിച്ച മിസൈല്‍ ലക്ഷ്യം ഭേദിച്ചതായി സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ മാസം ബാബര്‍–2 വിജയകരമായി പരീക്ഷിച്ചിരുന്നു. വിക്ഷേപണം വിജയകരമായി നടപ്പാക്കിയതിനു പ്രധാനമന്ത്രി നവാസ് ഷരീഫും വിവിധ സേനാ മേധാവികളും അഭിനന്ദനം അറിയിച്ചിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏതു ഭാഗത്താണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നില്ല. പരീക്ഷണം വിജയകരമായിരുന്നെന്ന് പാക് സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. വെള്ളത്തിനടിയില്‍ നിന്ന് തൊടുത്ത മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് പാക് സൈന്യവും അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല