സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് 150 പേര്‍ വെന്തുമരിച്ചു, ജനക്കൂട്ടം തീഗോളമായി പൊട്ടിച്ചിതറിയതായി രക്ഷപ്പെട്ട ദൃക്‌സാക്ഷികള്‍. പാകിസ്താനിലെ ബഹവല്‍പൂരില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചാണ് 150 പേര്‍ വെന്തുമരിച്ചത്. ഞായറാഴ്ച രാവിലെ ആറിനുണ്ടായ ദുരന്തത്തില്‍ 140 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടക്കം 40 പേരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍പ്പെട്ട് മറിഞ്ഞ ടാങ്കറില്‍നിന്ന് പെട്രോള്‍ ശേഖരിക്കാന്‍ ജനം ഓടിക്കൂടിയപ്പോഴാണ് ഉഗ്ര ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കണ്‍മുന്നില്‍ ജനക്കൂട്ടം തീഗോളമായി പൊട്ടിച്ചിതറിയതിയതായി മരണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് പൊള്ളലേറ്റ ശരീരവുമായി ബഹവല്‍പൂരിലെ വിക്‌ടോറിയ ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് ഹനീഫ് പറയുന്നു.
തുറമുഖനഗരമായ കറാച്ചിയില്‍നിന്ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാന നഗരമായ ലാഹോറിലേക്ക് 50,000 ലിറ്റര്‍ പെട്രോളുമായി പോകുകയായിരുന്നു ടാങ്കര്‍. പഞ്ചാബ് പ്രവിശ്യയില്‍ ബഹവല്‍പൂരിലെ അഹ്മദ്പൂര്‍ ഷര്‍ക്കിയയില്‍ തിരക്കേറിയ ദേശീയപാതയിലാണ് ടാങ്കര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. പെട്രോള്‍ ഒഴുകിപ്പരക്കാന്‍ തുടങ്ങിയതോടെ ജനം ഇത് ശേഖരിക്കാന്‍ ഓടിക്കൂടി. പോലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ജനം പെട്രോള്‍ ശേഖരിക്കാന്‍ കാനുകളുമായി എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമായി.
ജനം ബൈക്കുകളില്‍ ടാങ്കറിനടുത്തേക്ക് പായുകയായിരുന്നു എന്ന് ഹനീഫ് പറയുന്നു. മറിഞ്ഞ ടാങ്കറിന് അടുത്തെത്തി കഴിയാവുന്നത്ര പെട്രോള്‍ ശേഖരിക്കാനായിരുന്നു എല്ലാവരുടേയും ശ്രമം. ഹനീഫിനും സഹോദരന്‍ റാഷിദിനും തിരക്കില്‍ ടാങ്കറിന്റെ അടുത്തെത്താന്‍ കഴിഞ്ഞില്ല. പെട്ടെന്ന് വന്‍ ശബ്ദത്തോടെ ടാങ്കര്‍ പൊട്ടിത്തെറിച്ച് തീപടരുന്നതാണ് കണ്ടത്. തൊട്ടുമുന്നിലുണ്ടായിരുന്ന ജനക്കൂട്ടം തീഗോളമായി കത്തി ചിതറുന്നത് ഞെട്ടലോടെയാണ് കണ്ടുനിന്നതെന്ന് ഹനീഫ് ഓര്‍ക്കുന്നു.
ടാങ്കറില്‍നിന്ന് പെട്രോള്‍ കോരിയെടുക്കാന്‍ റംസാന്‍പൂര്‍ അടക്കമുള്ള സമീപ ഗ്രാമങ്ങളില്‍നിന്നുപോലും ജനങ്ങള്‍ എത്തിയതായി ബഹവല്‍പൂര്‍ റീജനല്‍ പൊലീസ് ഓഫിസര്‍ രാജാ റിഫാത് പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം 200 ലേറെ പേരാണ് പെട്രോള്‍ കോരിയെടുത്തുകൊണ്ടിരുന്നത്. 20 കുട്ടികളടക്കം നൂറിലേറെ പേരാണ് ആശുപത്രികളില്‍ മരണത്തോട് മല്ലടിക്കുന്നത്. ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ മരിച്ചവരെ തിരിച്ചറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
ആള്‍ക്കൂട്ടത്തിലെ ചിലര്‍ പുക വലിച്ചിരുന്നതായും ഇതാകാം തീ പിടിക്കാന്‍ കാരണമെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, ടാങ്കറിന്റെ എന്‍ജിനില്‍ തീപ്പൊരിയുണ്ടായതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിക്‌ടോറിയ ആശുപത്രിയിലടക്കം പലയിടത്തും അഗ്‌നിബാധ ചികിത്സാ സൗകര്യമില്ലാത്തത് രക്ഷാപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുകയാണ്. പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ദുരന്തങ്ങളില്‍ ഒന്നാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല