സ്വന്തം ലേഖകന്‍: പാക് വംശജനായ ബ്രിട്ടിഷ് എംപി യുകെയിലെ ആഭ്യന്തര സെക്രട്ടറി; നിയമനം കത്തിനില്‍ക്കുന്ന കുടിയേറ്റ വിവാദം തണുപ്പിക്കാന്‍. പാക്കിസ്ഥാനില്‍നിന്ന് അറുപതുകളില്‍ കുടിയേറിയ ബസ് ഡ്രൈവറുടെ കുടുംബത്തില്‍ ജനിച്ച സാജിദ് ജാവിദ് (48) ബ്രിട്ടനില്‍ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജനാണ്. സാജിദ് ജാവിദ്. കുടിയേറ്റ നയത്തിലെ പ്രസക്ത വിവരങ്ങള്‍ വെളിപ്പെടുത്താതെ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നു സമ്മതിച്ച് അംബര്‍ റഡ് രാജിവച്ച ഒഴിവിലാണു നിയമനം.
പഠനശേഷം ബാങ്കിങ് രംഗത്തു പ്രവര്‍ത്തിക്കുമ്പോഴാണു ബ്രോംസ്‌ഗ്രോവില്‍നിന്നു യാഥാസ്ഥിതിക കക്ഷി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ ഭവന, പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളുടെ ചുമതല വഹിച്ചുവരികയായിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരായി തെരേസ മേ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിനു തടയിടാനാണു കുടിയേറ്റക്കാരുടെ കുടുംബത്തില്‍നിന്നുള്ള സാജിദിനെ സുപ്രധാന ചുമതലയില്‍ നിയമിച്ചതെന്നാണ് സൂചന.
രണ്ടാം ലോകയുദ്ധത്തിനുശേഷം 1948ല്‍ ‘എംപയര്‍ വിന്‍ഡ്‌റഷ്’ എന്ന കപ്പലില്‍ കരീബിയയില്‍നിന്നു ധാരാളം പേരെ ബ്രിട്ടനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്നിരുന്നു. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ പണിതുയര്‍ത്താന്‍ സഹായിച്ച ഇവരെ സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരായി കാണുകയും രഹസ്യമായി വിവേചനം കാണിക്കുകയും ചെയ്യുന്നുവെന്ന വിവരം ദ് ഗാര്‍ഡിയന്‍ പത്രമാണ് ആദ്യം പുറത്തുകൊണ്ടുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല