സ്വന്തം ലേഖകന്‍: വിമാനം പറത്തേണ്ട പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങി, 350 യാത്രക്കാരുമായി പാക് വിമാനം പറത്തിയത് ട്രെയിനി. 350 യാത്രക്കാരുടെ ജീവന് അപകടത്തിലാക്കി വിമാനത്തിന്റെ പൈലറ്റ് രണ്ടര മണിക്കൂറോളം ഉറങ്ങി. വിമാനം നിയന്ത്രിക്കാന്‍ ട്രെയിനി പൈലറ്റിന് ഏല്‍പ്പിച്ച ശേഷമാണ് ആമീര്‍ അക്തര്‍ ഹഷ്മി എന്ന പാക് പൈലറ്റ് ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങിയത്.
പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഇസ്ലാമാബാദ് ലണ്ടന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം.പൈലറ്റ് ഉറങ്ങുന്നതിന്റെ ചിത്രം യാത്രക്കാരന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. പൈലറ്റിനെതിരെ ഇയാള്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് ഹഹ്മി വിമാനം പറത്തുന്നതിന് പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിലക്ക് ഏര്‍പ്പെടുത്തി.
പാകിസ്താന് എയര്‍ലൈന്‍സ് പൈലറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ ഹഷ്മിക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും സംഭവം വിവാദമായതോടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ഏപ്രില്‍ 26നാണ് വിവാദ സംഭവം നടന്നത്. താന്‍ ഉറങ്ങാന്‍ പോയ സമയത്ത് മുഹമ്മദ് അസദ് അലി എന്ന ട്രെയിനി പൈലറ്റിനെയാണ് വിമാനം പറത്താന്‍ ഹഷ്മി ഏല്‍പ്പിച്ചത്.
ട്രെയിനി പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കേണ്ടതും ഹഷ്മിയായിരുന്നു. എന്നാല്‍ തന്റെ ജോലി ചെയ്യാതെയാണ് ഇയാള്‍ ബിസിനസ് ക്ലാസില്‍ കിടന്നുറങ്ങിയത്. ഹഷ്മിയുടെ ഉറക്കച്ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അസോസിയേഷന് നടപടിയെടുക്കാതെ മറ്റു വഴിയില്ലാതെ വരികയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഹഷ്മിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല