പാകിസ്താനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 127 പേരും മരിച്ചതായി ആശങ്ക. 118 യാത്രക്കാരും ഒമ്പതു ജീവനക്കാരുമുള്ള വിമാനം വെള്ളിയാഴ്ച വൈകിട്ട് ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടകാരണം.
കനത്ത മഴയും ഇടിമിന്നലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കറാച്ചിയില്‍നിന്ന് വരികയായിരുന്ന വിമാനം ഇസ്‌ലാമാബാദ് വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് അഞ്ചിന് കറാച്ചിയില്‍നിന്നു പറന്നുയര്‍ന്ന വിമാനം 6.40-നാണ് ഇസ്‌ലാമാബാദില്‍ ഇറങ്ങേണ്ടിയിരുന്നത്. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ കമ്പനിയായ ഭോജ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തിന്റെ കറാച്ചിയില്‍നിന്നുള്ള കന്നിയാത്രയായിരുന്നു ഇത്.
ഇരുപത് വര്‍ഷം പഴക്കമുള്ള ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം നിലത്ത് ഇറങ്ങും മുന്‍പേ തീപിടിച്ചതായാണ് സംശയിക്കുന്നത്. വിമാനത്തിനു ലാന്‍ഡിങ്ങിന് അനുവാദം നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു. ഇതനുസരിച്ച് ഇറങ്ങാന്‍ ഒരുങ്ങിയ വിമാനത്തിന് പിന്നീട് താവളവുമായി ബന്ധം നഷ്ടമാവുകയായിരുന്നു.
വിമാനാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ പുറത്തുവിട്ടു. പാക്കിസ്ഥാനിലെ ഷഹീന്‍ എയര്‍ലൈന്‍സില്‍നിന്ന് ബോജ എയര്‍ വാങ്ങിയതാണ് ഈ വിമാനം. പഴക്കം ചെന്നതിനാല്‍ യാത്രയ്ക്കു യോജിക്കില്ലെന്ന കാരണത്താലാണ് ഷഹീന്‍ വിമാനം ഒഴിവാക്കിയതെന്നാണു സൂചന. ഇതു വാങ്ങിയ ബോജ എയര്‍ പ്രാദേശിക സര്‍വീസിന് ഉപയോഗിക്കുകയായിരുന്നുവത്രേ.
2010ല്‍ എയര്‍ബ്ലൂ വിമാനക്കമ്പനിയുടെ എയര്‍ബസ് 320 വിമാനം 152 യാത്രക്കാരുമായി ഇസ്ലാമാബാദിലെ പര്‍വത നിരകളില്‍ തകര്‍ന്നു വീണതാണ് പാക്കിസ്ഥാനില്‍ ഇതിനു മുന്‍പത്തെ വലിയ വിമാനദുരന്തം. 2006ല്‍ പാക്ക് യാത്രാവിമാനം മുള്‍ട്ടാനു സമീപം തകര്‍ന്നുവീണ് 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല