ഏഷ്യന്‍ ക്രിക്കറ്റിന്‍റെ ചക്രവര്‍ത്തിപ്പട്ടം വെറും രണ്ടേ രണ്ട് റണ്‍സിന് ബംഗ്ലാദേശിന് നഷ്ടം. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും ഭരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് ലോകത്തെ ശിശുക്കളെന്ന വിശേഷണം ഇനി തങ്ങള്‍ക്ക് ചേരില്ലെന്ന പ്രഖ്യാപനത്തോടെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ബംഗ്ലാ കടുവകളെ പാക്കിസ്ഥാന്‍ കീഴടക്കുകയായിരുന്നു. പാക്കിസ്ഥാന് ചരിത്രത്തിലെ രണ്ടാ മത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പും സ്വന്തം.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 236 സ്വന്തമാക്കി. ബംഗ്ലാദേശിന് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സിലെത്താനെ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ 9 റണ്‍സായിരുന്നു അവര്‍ക്ക് ജയിക്കാനാവശ്യം. അയ്സാസ് ചീമയെന്ന പാക് പേസര്‍ ആ ഓവറില്‍ വിട്ടുകൊടുത്തത് ആറ് റണ്‍സ് മാത്രം. ഒരു വിക്കറ്റും വീഴ്ത്തി.
72 പന്തില്‍ 68 റണ്‍സ് നേടിയ ഷക്കീബ് അല്‍ ഹസനും ടൂര്‍ണമെന്‍റില്‍ ഇറങ്ങിയ എല്ലാ മത്സരങ്ങളിലും ഹാഫ് സെഞ്ചുറി കുറിച്ച ഓപ്പണര്‍ തമീം ഇഖ്ബാലും (68 പന്തില്‍ 60) ബംഗ്ലാദേശിനെ ലക്ഷ്യത്തിലേക്കടുപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ശ്രമം പാഴായി. ചീമ മൂന്നും ഉമര്‍ ഗുല്‍, സയീദ് അജ്മല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പാക്കിസ്ഥാനായി വീഴ്ത്തി. 2 വിക്കറ്റും ഹാഫ് സെഞ്ചുറിയും നേടിയ ഷക്കീബ് അല്‍ ഹസന്‍ മാന്‍ ഒഫ് ദ മാച്ച്.
രണ്ട് ഇന്നിങ്സുകളുടെയും അവസാന ഘട്ടങ്ങളിലൊഴികെ കലാശപ്പോരാട്ടത്തില്‍ വിജയസാധ്യതയും മേല്‍ക്കൈയും ബംഗ്ലാദേശിന്. എന്നാല്‍, ഈ ഘട്ടങ്ങളിലെ ആധിപത്യത്തില്‍ കിരീടമടിച്ചെടുക്കുകയായിരുന്നു പാക്കിസ്ഥാന്‍. ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്ക ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹിമിന്‍റെ തീരുമാനത്തെ പിന്തുണച്ച് പന്തെറിഞ്ഞ ബൗളര്‍മാര്‍ പാക്കിസ്ഥാന്‍റെ വിക്കറ്റുകള്‍ നിശ്ചിത ഇടവേളകളില്‍ വീഴ്ത്തി.
ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 70 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു പാക്കിസ്ഥാന്‍. ഓപ്പണര്‍ മുഹമ്മദ് ഹഫീസിന് (40) പിന്നാലെ ഉമര്‍ അക്മല്‍, ഹമാദ് അസം എന്നിവര്‍ 30 വീതം റണ്‍സും ഷാഹിദ് അഫ്രീദി 22 പന്തില്‍ 32 റണ്‍സും നേടി പാക്കിസ്ഥാനെ മുന്നോട്ടു നയിച്ചു. ഒടുവില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സര്‍ഫ്രാസ് അഹമ്മദ് പുറത്താകാതെ നേടിയ 46 റണ്‍സ് അവരുടെ സ്കോര്‍ 230 കടത്തുകയായിരുന്നു. അവസാന വിക്കറ്റില്‍ അഹമ്മദും ചീമയും (9) ചേര്‍ന്ന് നേടിയ 30 റണ്‍സും നിര്‍ണായകമായി. ഷഹ്ദാത് ഹൊസൈനെ അവസാന ഓവര്‍ എറിയാന്‍ നിയോഗിച്ച ബംഗ്ലാ ക്യാപ്റ്റന്‍ റഹിമിന്‍റെ തീരുമാനവും പ്രതികൂലമായി. ഈ ഓവറില്‍ മാത്രം ഷഹ്ദാത് വിട്ടുനല്‍കിയത് 19 വിലപ്പെട്ട റണ്‍സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല