1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2024

സ്വന്തം ലേഖകൻ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ‌ പ്രവിശ്യയിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അതിർത്തിയിലെ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇറാന്റെ ആക്രമണം. അതേസമയം, ഇറാന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകി.

ബലൂച് മേഖലയിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് എൽ അദ്‌ലിന്റെ രണ്ട് കേന്ദ്രങ്ങൾ ഉന്നമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്നാണ് വിവരം. ഈ ഭീകര സംഘടനയുടെ നേതൃത്വത്തിൽ ഇറാന്റെ സുരക്ഷാ വിഭാഗങ്ങൾക്കെതിരെ അടുത്തിടെ ആക്രമണം വ്യാപകമാണ്. ഇതിനുള്ള തിരിച്ചടിയാണ് ഇറാന്റെ മിസൈൽ ആക്രമണമെന്നു കരുതുന്നു.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ രണ്ട് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്റെ സുരക്ഷാ വൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇവർ പങ്കുവച്ചിട്ടില്ല. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഇൻഫർമേഷൻ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജാൻ അചക്സായി വാർത്തയോടു പ്രതികരിച്ചില്ല.

‘ടെഹ്‌റാനിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ പരമാധികാരത്തിൻമേലുള്ള ഈ കടന്നുകയറ്റത്തിനെതിരായ വികാരം, ഇറാൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയും അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്ന കാര്യവും അവരെ അറിയിച്ചിട്ടുണ്ട്.’’ – പാക്ക് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.