സ്വന്തം ലേഖകന്‍: യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞ് പാകിസ്താന്‍; പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും ഉലയുന്നു. വാഹനാപകട കേസില്‍പ്പെട്ട അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ കേണല്‍ ജോസഫ് ഹാള്‍ സ്വന്തം രാജ്യത്തേക്ക് പോകാന്‍ നടത്തിയ ശ്രമം പാകിസ്താന്‍ തടഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥന് സഞ്ചരിക്കുന്നതിനുവേണ്ടി അഫ്ഗാനിസ്താനിലെ സൈനിക താവളത്തില്‍നിന്ന് എത്തിച്ച അമേരിക്കന്‍ സൈനിക വിമാനം കേണല്‍ ജോസഫ് ഹാളിന്റെ യാത്ര മുടങ്ങിയതോടെ അഫ്ഗാനിസ്താനിലേക്ക് മടങ്ങി.
ഇസ്‌ലാമാബാദില്‍വച്ച് ചുവപ്പ് സിഗ്‌നല്‍ മറികടന്ന് മോട്ടോര്‍സൈക്കിള്‍ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചുവെന്ന കേസാണ് നയതന്ത്ര ഉദ്യോഗസ്ഥനെതിരെ ഉള്ളതെന്ന് പാകിസ്താനിലെ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. അദ്ദേഹം വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പാണ് പാക് അധികൃതര്‍ യാത്ര വിലക്കിയത്. എട്ടുപേര്‍ക്കൊപ്പം ഇസ്‌ലാമാബാദില്‍നിന്ന് അമേരിക്കയിലേക്ക് പോകാനായിരുന്നു കേണല്‍ ജോസഫ് ഹാളിന്റെ നീക്കം.
അദ്ദേഹത്തിന് സഞ്ചരിക്കാനുള്ള പ്രത്യേക വിമാനം രാവിലെ 11.15 ഓടെ അഫ്ഗാനിസ്താനില്‍നിന്ന് പാക് തലസ്ഥാനത്തെത്തിച്ചു. എന്നാല്‍, പാകിസ്താനിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അധികൃതര്‍ യാത്ര തടയുകയും അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഡോണ്‍ റിപ്പോര്‍ട്ടുചെയ്തു. വൈകീട്ട് നാലോടെയാണ് പ്രത്യേക വിമാനം അഫ്ഗാനിസ്താനിലെ യു.എസ് സൈനിക താവളത്തിലേക്ക് മടങ്ങിയത്.
കേണല്‍ ജോസഫ് ഹാളിന്റെ പൂര്‍ണ നയതന്ത്ര പരിരക്ഷ നല്‍കരുതെന്നും അദ്ദേഹത്തിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്നും ഇസ്‌ലാമാബാദ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് കേണല്‍ ഹാള്‍ ഇസ്‌ലാമാബാദില്‍വച്ച് ചുവപ്പ് സിഗ്‌നല്‍ മറികടന്ന് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല