സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി, വിജയത്തേരിലേറി പാകിസ്താന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിക്കാണ് ഓവല്‍ സാക്ഷ്യം വഹിച്ചത്. 2005 ല്‍ നേരിട്ട 159 റണ്‍സിന്റെ പരാജയം ഇന്ത്യ ഓവലിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 180 റണ്‍സിലേക്ക് ഉയര്‍ത്തുകയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ മൂന്നാം തോല്‍വിയാണിത്.
ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെടുന്നതും ആദ്യമായാണ്. മാത്രമല്ല, ഐസിസി ടൂര്‍ണമെന്റ് ഫൈനലുകളിലെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഐസിസി റാങ്കിംഗില്‍ എട്ടാം സ്ഥാനത്തു നില്‍ക്കെ ചാന്പ്യന്‍സ് ട്രോഫി കളിക്കാനെത്തിയ ടീമാണ് പാക്കിസ്ഥാന്‍. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് 124 റണ്‍സിനു പരാജയപ്പെട്ടതോടെ ടീമിനെ ക്രിക്കറ്റ് ലോകം എഴുതിത്തള്ളിയെങ്കിലും പിന്നീട് കണ്ടത് ക്യാപ്റ്റന്‍ സര്‍ഫറാസിന്റെ നേതൃത്വത്തിലുള്ള പാക് ടീമിന്റെ ഉയിത്തെഴുന്നേല്‍പ്പാണ്.
ബൗളിംഗ് കരുത്തില്‍ സെമിയിലെത്തിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് കരുത്തിലും മികവു കാട്ടിയതോടെ സെമിയിലും പിന്നീട് ഫൈനലിലും എതിരാളികള്‍ക്കു മറുപടിയില്ലാതായി. ഇന്ത്യക്കെതിരേ ഓപ്പണിംഗ് വിക്കറ്റില്‍ അസര്‍ അലിയും ഫഖര്‍ സമാനും ചേര്‍ന്ന് 128 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് പാക് വിജയത്തിന് അടിത്തറയിട്ടത്. 106 പന്തില്‍ 12 ഫോറും മൂന്നു സിക്‌സുമടക്കം സമാന്‍ 114 റണ്‍സ് നേടി. പാകിസ്താന്‍ മുന്നോട്ടുവെച്ച 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒന്ന് പൊരുതി നില്‍ക്കാന്‍ പോലും തുനിയാതെ 30.3 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്തായി.
തോല്‍വി ഏതാണ്ട് ഉറപ്പായ ശേഷവും ഹാര്‍ദിക് പാണ്ഡ്യ 43 പന്തില്‍ നാലു ഫോറും ആറു സിക്‌സുമടക്കം അടിച്ചെടുത്ത 76 റണ്‍സാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് അല്പമെങ്കിലും ആശ്വാസമായത്. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം തല്ല് വാങ്ങിക്കൂട്ടിയപ്പോള്‍ അല്‍പമെങ്കിലും മികച്ചു നിന്നത് ഭുവനേശ്വര്‍ കുമാറാണ്. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റും വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും കേദര്‍ ജാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല