സ്വന്തം ലേഖകന്‍: അഴിമതി കേസില്‍ നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവ്; തനിക്കെതിരെ തെളിവില്ലെന്ന് ഷെരീഫ്. അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. സൗദി അറേബ്യയില്‍ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മില്ലിന്റെ വരുമാന ഉറവിടം തെളിയിക്കാന്‍ മൂന്ന് തവണയും മുന്‍പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി
അഴിമതി കേസില്‍ ഷെരീഫിനെതിരായ അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് വിധി പ്രസ്താവിച്ചത്.നേരത്തെ ഇതേ കോടതി അദ്ദേഹത്തെ ലണ്ടനിലെ കെട്ടിടം വാങ്ങിയ കേസില്‍ പത്ത് വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് അപ്പീല്‍ നല്‍കി പുറത്തിറങ്ങുകയായിരുന്നു.
വിധിക്ക് മുമ്പായി തന്റെ ഇളയ സഹോദരനും പ്രതിപക്ഷ നേതാവുമായ ഷഹ്ബാസ് ഷെരീഫുമായി ഷെരീഫ് കൂടിക്കാഴ്ച നടത്തി. മറുപടി നല്‍കാന്‍ ഒരു ആഴ്ച സമയം കൂടി അനുവദിക്കണമെന്ന് ശരീഫിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ആഴ്ച അപേക്ഷ സമര്‍പ്പിച്ചെങ്കിലും ജഡ്ജി നിരസിച്ചിരുന്നു. അവെന്‍ ഫീല്‍ഡ് പ്രോപ്പര്‍ട്ടീസ് കേസ്, ഫ്രാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് കേസ്, അല്‍അസീസ്സിയ സ്റ്റീല്‍ മില്‍ കേസ് എന്നിങ്ങനെ മൂന്ന് അഴിമതി കേസുകളിലാണ് ഷെരീഫ് കുടുങ്ങിയിരിക്കുന്നത്.
തനിക്കെതിരെ ഒരു തെളിവുമില്ലെന്നും അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഷെരീഫ് പ്രതികരിച്ചു.എനിക്ക് യാതൊരു ഭീതിയും ഇല്ല. എന്റെ മനസ്സാക്ഷി വ്യക്തമാണ്. ഞാന്‍ ഈ രാജ്യത്തെ സമ്പൂര്‍ണ സത്യസന്ധതയോടെ സേവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാകുന്നതിനു മുമ്പ് ഇസ്ലാമാബാദില്‍ ചേര്‍ന്ന പ്രത്യേക പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല