സ്വന്തം ലേഖകൻ: വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറംകരാര്‍ നല്‍കാനൊരുങ്ങി പാകിസ്താന്‍. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറുമായി പാകിസ്താന്‍ ചര്‍ച്ച നടത്തി.
പുറംകരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശകരാറുകാരുമായി പാകിസ്താന്‍ ധനകാര്യമന്ത്രി ഇഷാഖ് ധര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഓഗസ്റ്റ് 12-ഓടെ ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളം പുറംകരാര്‍ നല്‍കിയേക്കുമെന്നും പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുറംകരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിഷയനിര്‍ണയ കമ്മിറ്റി യോഗവും മന്ത്രി വിളിച്ചു ചേര്‍ത്തു. ഈ മാസം അവസാനത്തോടെ നിലവിലെ വ്യോമയാന നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
അന്താരാഷ്ട്ര നാണയനിധിയുമായി നടത്തിയ ഇടപാട് പ്രകാരമുള്ള വായ്പ അനിശ്ചിതത്വത്തിലായതോടെയാണ് പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായത്. നേരത്തെ കറാച്ചി തുറമുഖത്തിന്റെ നടത്തിപ്പു ചുമതലയും യുഎഇയ്ക്ക് കൈമാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല