സ്വന്തം ലേഖകൻ: : പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലിം ലീഗും ബിലാവര്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പിപിപിയും സര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ച നടത്തി.
ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന് ഉറപ്പിച്ചതോടെയാണ് മറുപക്ഷത്തുള്ള പ്രധാന പാര്‍ട്ടികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. നവാസ് ഷരീഫിന്റെ സഹോദരനും പിഎംഎല്‍-എന്‍ പ്രസിഡന്റുമായ ഷഹബാസ് ഷരീഫും ബിലാവല്‍ ഭൂട്ടോയും നടത്തിയ ചര്‍ച്ചയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ചയില്‍ പങ്കാളിയായി.
നവാസ് ഷരീഫിന്റെ സന്ദേശം ഷഹബാസ് വഴി പിപിപി നേതൃത്വത്തിന് കൈമാറിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താനിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരതയ്ക്കായി പിഎംഎല്ലിനൊപ്പം നില്‍ക്കാന്‍ പിപിപി നേതൃത്വത്തോട് ഷഹബാസ് ആവശ്യപ്പെട്ടു. കേന്ദ്രത്തിനൊപ്പം പഞ്ചാബിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് തീരുമാനമായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ, മറുഭാഗത്ത് സ്വതന്ത്രരുടെയും മറ്റുപാര്‍ട്ടികളുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണത്തിന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയും ശ്രമം നടത്തുന്നുണ്ട്. ആകെയുള്ള 266 സീറ്റുകളില്‍ നിലവില്‍ ഫലം പ്രഖ്യാപിച്ചത് 250 സീറ്റുകളിലാണ്. ഇതില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് 91 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നവാസ് ഷരീഫിന്റെ പിഎംഎല്‍-എന്‍ പാര്‍ട്ടിക്ക് 71-ഉം പിപിപിക്ക് 53 സീറ്റുകളുമാണുള്ളത്.
അരാജക രാഷ്ട്രീയത്തില്‍നിന്നും ധ്രുവീകരണത്തിൽനിന്നും മോചിതമായി മുന്നോട്ടുപോകാന്‍ രാജ്യത്തിന് സ്ഥിരത ആവശ്യമാണെന്ന് പാകിസ്താന്‍ സൈനിക മേധാവിയുടെ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല