സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തീവ്രവാദവും പിടിമുറുക്കുന്ന പാക്കിസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി പാക്കിസ്ഥാനിൽ ഇന്‍റർനെറ്റിനു വിലക്ക് ഏർപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ ജയിലിൽനിന്നു പോസ്റ്റൽ വോട്ടു ചെയ്തു. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ), മറ്റൊരു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (പിഎംഎൽ–എൻ) എന്നിവയാണ് മത്സര രംഗത്തുള്ള പ്രധാന പാർട്ടികൾ. രാത്രിയോടെ ഫലങ്ങൾ അറിഞ്ഞുതുടങ്ങുമെങ്കിലും നാളെ രാവിലെയോടെ മാത്രമേ യഥാർഥ ചിത്രം വ്യക്തമാകൂ.
ദേശീയ അസംബ്ലിയിലെ 336 സീറ്റുകളിൽ 266 ലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള 60 സീറ്റും ന്യൂനപക്ഷങ്ങൾക്കുള്ള 10 സീറ്റും ജയിക്കുന്ന പാർട്ടികൾക്ക് വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ ആനുപാതികമായി പിന്നീട് വീതിച്ചു നൽകും. രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണം 12.85 കോടിയാണ്. ദേശീയ അസംബ്ലിയിലേക്ക് 5121 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്.
4 പ്രവിശ്യാ അസംബ്ലികളിലേക്കുള്ള 749 സീറ്റിൽ 593ലേക്കും ഇന്നു വോട്ടെടുപ്പു നടക്കും. സുരക്ഷയ്ക്കായി ആറര ലക്ഷം സൈനികരെ നിയോഗിച്ചിട്ടുണ്ട്. പിടിഐ സ്ഥാനാർഥികൾക്ക് പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനായ ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും മത്സരരംഗത്തുണ്ട്.
വോട്ടെടുപ്പിനു തലേന്ന് ബലൂചിസ്ഥാൻ പ്രവിശ്യയിലെ 2 തിരഞ്ഞെടുപ്പ് ഓഫിസുകൾക്കു സമീപം നടന്ന സ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെട്ടത് ആശങ്കയുയർത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല