സ്വന്തം ലേഖകന്‍: പാകിസ്താന് അമേരിക്ക പോര്‍വിമാനങ്ങള്‍ വിറ്റാല്‍ അത് ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന് മുന്‍ അമേരിക്കന്‍ അംബാസഡര്‍. പാകിസ്താന് യു.എസ്. എഫ്16 പോര്‍വിമാനങ്ങള്‍ വിറ്റാല്‍ അവര്‍ അവ ഉപയോഗിക്കുക ഇന്ത്യയ്ക്കു നേരെയാകുമെന്നാണ് യു.എസ്സിന്റെ മുന്‍ പാക് അംബാസഡര്‍ ഹുസൈന് ഹഖാനിയുടെ മുന്നറിയിപ്പ്.
പാകിസ്താനുമായി എഫ്16 വിമാനങ്ങളും ആയുധങ്ങളും വില്ക്കാന് യു.എസ്. തയ്യാറെടുക്കുമ്പോഴാണ് ഹഖാനി കോണ്‍ഗ്രസ്സിന് ഈ മുന്നറിയിപ്പു നല്‍കിയത്. ഭീകരര്‍ക്കെതിരെ പ്രയോഗിക്കാനാണ് എഫ്16 വിമാനങ്ങളെന്നാണ് പാകിസ്താന്റെ വാദം.
യുദ്ധോപകരണങ്ങളുടെ വില്പനയും സൈനികേതര ആണവക്കരാറുണ്ടാക്കാന്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പാക് സൈന്യത്തെ പ്രീണിപ്പിക്കാനുള്ള യു.എസ്. ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. പാകിസ്താന് ഇന്ത്യയോട് നടത്തുന്ന കിടമത്സരത്തെ ഫ്രാന്സിനോടും ജര്‍മനിയോടും ബെല്‍ജിയം നടത്തുന്ന മത്സരത്തോട് അദ്ദേഹം ഉപമിച്ചു.
പാകിസ്താനുമായി സൈനികേതര ആണവക്കരാറുണ്ടാക്കുന്നതിനെക്കുറിച്ച് യു.എസ്. കോണ്‍ഗ്രസ്സില്‍ ചര്‍ച്ച നടക്കാനിരിക്കെ, ഹഖാനി നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. വിശുദ്ധയുദ്ധക്കാരെ പിടിച്ചുകെട്ടുന്നതില്‍ പാകിസ്താന് പരാജയപ്പെടുന്നതിന് കാരണം ആയുധങ്ങളുടെ അഭാവമല്ല, മറിച്ച് ആത്മാര്‍ഥതയില്ലായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അമേരിക്കയിലെ പ്രധാന നയരൂപവത്കരണ സ്ഥാപനങ്ങളിലൊന്നായ ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ വിഭാഗം ഡയറക്ടറാണ് ഹഖാനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല