സ്വന്തം ലേഖകന്‍: നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിച്ചേക്കും. ആഗസ്റ്റ് 11 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിലേക്ക് സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ നേതാക്കളെയും ക്ഷണിക്കാനാണ് ഒരുങ്ങുന്നതെന്ന് ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പാകിസ്താനില്‍ ജൂലായ് 25 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 11 നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മോദി അടക്കമുള്ള സാര്‍ക്ക് നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കാനാണ് പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇമ്രാന്‍ ഖാനെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി മോദി ഫോണില്‍ വിളിച്ച നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അതിനിടെ, മോദിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ വക്താവായ ഫവാദ് ചൗധരി തള്ളി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ ഖാനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി അഭിനന്ദനം അറിയിച്ചത്. മോദിക്ക് നന്ദി പറഞ്ഞ ഖാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം നടത്തിയ പ്രസംഗത്തിലും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയിലെത്തിയിരുന്നു. ഇതിനു പിന്നാലെ നവാസ് ഷെരീഫിന് പിറന്നാള്‍ ആശംസനേരാന്‍ 2015 ഡിസംബറില്‍ പ്രധാനമന്ത്രി മോദി ലാഹോറില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല