സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ത്രിശങ്കു മന്ത്രിസഭ; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്; തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ പാക് സൈന്യത്തിന്റെ ആശീര്‍വാദത്തോടെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് ഉറപ്പായി.
അധികാരമൊഴിയുന്ന പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎല്‍–എന്‍) രണ്ടാമതാണ്. പാര്‍ട്ടി അമരക്കാരനായ നവാസ് ഷരീഫും മകള്‍ മറിയവും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലാകുകയും ചെയ്തതോടെ ഇമ്രാന്‍ ഖാന് കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യാ നിയമസഭയും പിടിഐ പിടിച്ചെടുത്തതും ഖാന് വന്‍ നേട്ടമായി.
മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി നയിക്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) മൂന്നാം സ്ഥാനത്താണ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ മകനും മരുമകനും ഉള്‍പ്പെടെ, ഭീകര–തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ സ്ഥാനാര്‍ഥികളെല്ലാം തോറ്റു തൊപ്പിയിട്ടതും ശ്രദ്ധേയമായി.
അതിനിടെ, വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് പിഎംഎല്‍–എന്‍, പിപിപി അടക്കം അഞ്ചു രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തി. ഈ പാര്‍ട്ടികളുടെ ഏജന്റുമാരെ വോട്ടെണ്ണല്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം. ക്രമക്കേടുകള്‍ നടന്നെന്ന ആരോപണം പാക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. ഫലപ്രഖ്യാപനം വൈകിയതു സാങ്കേതിക തകരാറുകള്‍ മൂലമാണെന്നും കമ്മിഷന്‍ മുഹമ്മദ് റാസാ ഖാന്‍ അവകാശപ്പെട്ടു.
പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍–പഖ്തൂണ്‍ഖ്വ എന്നീ നാലു പ്രവിശ്യാ നിയമസഭകളിലേക്കും ബുധനാഴ്ച തിരഞ്ഞെടുപ്പു നടന്നിരുന്നു. പ!ഞ്ചാബ് പ്രവിശ്യയ്ക്കു പുറമേ അഫ്ഗാന്‍ അതിര്‍ത്തിയിലെ പ്രശ്‌നമേഖലയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും പിടിഐ വിജയിച്ചു. സിന്ധ് പ്രവിശ്യ പിപിപി നിലനിര്‍ത്തി. ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടിയാണു ബലൂചിസ്ഥാനില്‍ വിജയിച്ചത്.
നിലവിനെ കക്ഷിനില,
ആകെ സീറ്റ്: 342
ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്ന സീറ്റുകള്‍: 272
വോട്ടെടുപ്പു നടന്നത്: 270
പിടിഐ: 120
(ഫലം പ്രഖ്യാപിച്ചത്: 86, ലീഡ് ചെയ്യുന്നത്: 34)
പിഎംഎല്‍–എന്‍: 61 (ഫലം പ്രഖ്യാപിച്ചത്: 43, ലീഡ്: 18)
പിപിപി: 40 (ഫലം വന്നത്: 18, ലീഡ്: 22)
മുത്തഹിദ മജ്‌ലിസെ അമല്‍: 8
മുത്തഹിദ ഖൗമി മൂവ്‌മെന്റ്: 8
സ്വതന്ത്രരും മറ്റുള്ളവരും: 33
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല