
സ്വന്തം ലേഖകൻ: പാകിസ്‍താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ വെച്ച് വധിക്കാനാണ് പാക് സർക്കാരിന്റെ പദ്ധതിയെന്ന് ആരോപണം. ഇമ്രാന്റെ അറസ്റ്റിനെതിരെ പാകിസ്താനിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ജയിലിൽ കടുത്ത പീഡനങ്ങളാണ് നേരിടുന്നതെന്നും ഹൃദയാഘാതമുണ്ടാക്കാൻ ഭക്ഷണത്തിൽ ഇൻസുലിൻ കലർത്തിയാണ് നൽകുന്നതെന്നും ഇമ്രാന്റെ അഭിഭാഷകൻ അവകാശപ്പെട്ടു.
തനിക്ക് ഹൃദയാഘാതമുണ്ടാക്കാക്കാൻ ഇൻസുലിൻ കുത്തിവെച്ചുവെന്നും നെഞ്ചുവേദനയനുഭവപ്പെട്ടതായും വാഷ്റൂം പോലും ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്നും പാക് മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. ഒരുമണിക്കൂറോളമാണ് ഇമ്രാൻ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയത്.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ പാക് സുപ്രീംകോടതി ഇമ്രാൻ ഖാനെ ഉടൻ വിട്ടയക്കണമെന്ന് ഉത്തരവിട്ടിരുന്നു. അദ്ദേഹത്തെ ഇന്ന് ഇസ്‍ലാമാബാദ് ഹൈകോടതിയിൽ ഹാജരാക്കും. നിലവിൽ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ കസ്റ്റഡിയിലാണ് ഇമ്രാൻ.
അദ്ദേഹത്തെ കൊല്ലാനുളള ശ്രമമാണിത്. അദ്ദേഹത്തെ ഉറങ്ങാൻ പോലും സമ്മതിക്കുന്നില്ലെന്നാണ് പറഞ്ഞത്.വൃത്തിഹീനമായ ഒരു മുറിയിൽ ടോയ്‍ലറ്റോ കിടക്കയോ പോലുമില്ലാതെയാണ് അദ്ദേത്തെ പാർപ്പിച്ചിരിക്കുന്നത്. അറസ്ററ് ചെയ്ത് പുലർച്ചെ മൂന്നുമണിവരെ ഒന്നും കഴിക്കാൻ പോലും കൊടുത്തില്ല.”-ഇമ്രാന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. ഇമ്രാൻ ഖാന്റെ അറസ്റ്റിനെ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമർശിച്ചിരുന്നു. രജിസ്ട്രാറുടെ അനുമതിയില്ലാതെ കോടതി പരിസരത്ത് നിന്ന് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പാടില്ലായെന്നും കോടതി വ്യക്തമാക്കി.
രണ്ടു കേസുകളിൽ ഹാജരാകാൻ ചൊവ്വാഴ്ച ഇസ്‍ലാമാബാദ് ഹൈകോടതിയിൽ എത്തിയപ്പോഴാണ് മറ്റൊരു കേസിന്റെ പേരിൽ ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇമ്രാന്റെയും കുടുംബത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റിന് കോടികൾ വിലയുള്ള സർക്കാർ ഭൂമി കൈമാറിയെന്ന കേസിലായിരുന്നു അറസ്റ്റ്. പൊലീസിന്‍റെ നടപടി ചോദ്യം ചെയ്താണ് ഇമ്രാൻ ഖാൻ സുപ്രീംകോടതിയെ സമീപിച്ചത്.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരായ ജനകീയ പ്രക്ഷോഭത്തിന് പാകിസ്താനിൽ ഇതുവരെ അവസാനിച്ചിട്ടില്ല .റാവൽപിണ്ടിയിൽ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറിയും ലാഹോറിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ വസതി കൈയേറിയും ആണ് ജനം പ്രതിഷേധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല