സ്വന്തം ലേഖകൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ വസീറാബാദിൽ റാലിക്കിടെയാണ് ആക്രമണമുണ്ടായത്. ഇമ്രാൻ്റെ കാലിന് വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഇമ്രാന് നേരെയുണ്ടായത് വധശ്രമം ആണെന്ന് അദ്ദേഹത്തിൻ്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ആരോപിച്ചു. പഞ്ചാബ് പ്രവശ്യയിലെ ഗുജ്‌റൻവാല ജില്ലയിലായിരുന്നു ആക്രമണം. കണ്ടെയ്നർ ട്രക്കിന് മുകളിലിരുന്ന് സഞ്ചരിക്കുന്നതിനിടെ ഇടതുവശത്ത് നിന്നാണ് അദ്ദേഹത്തിന് വെടിയേറ്റത്. പിസ്റ്റൾ ഉപയോഗിച്ച് തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഇമ്രാൻ പുറകിലോട്ട് മറിഞ്ഞ് വീഴുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
വെടിവെപ്പിന് പിന്നാലെ ആളുകൾ ചിതറിയോടി. ഇമ്രാൻ്റെ പാർട്ടി നേതാക്കളിൽ നാല് പേർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ഒരാൾ കൊല്ലപ്പെട്ടു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇമ്രാനെ കൊല്ലാൻ തീരുമാനിച്ചതെന്ന് വെടിയുതിർത്ത യുവാവ് പോലീസിനോട് പറഞ്ഞു. “ഇമ്രാനെ വധിക്കാൻ മാത്രമാണ് താൻ എത്തിയത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനാലാണ് ഇത് ചെയ്തത്. ഇമ്രാൻ്റെ ഈ പ്രവർത്തി എനിക്ക് സഹിക്കാനായില്ല” – എന്ന് പോലീസ് പകർത്തിയ വീഡിയോയിൽ യുവാവ് പറയുന്നുണ്ട്. ഒറ്റയ്ക്കാണ് വെടിവയ്പ്പ് നടത്തിയതെന്നും തന്റെ പിന്നിൽ ആരുമില്ലെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.
വെടിയേറ്റ ഇമ്രാനെ ഉടൻ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇമ്രാനെതിരെയുണ്ടായ ആക്രമണത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. സംഭവത്തിൻ്റെ റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി റാനാ സനാ ഉല്ലയോട് നിർദേശിച്ചു. ആക്രമണത്തെ പാക് സൈന്യവും അപലപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല