സ്വന്തം ലേഖകൻ: യു.എന്‍. പൊതുസഭയില്‍ ആണവയുദ്ധവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്കി ഇന്ത്യ. ഇമ്രാന് ഖാന്റെ ആണവയുദ്ധ ഭീഷണി ഒരു രാഷ്ട്രതന്ത്രജ്ഞന് ചേര്‍ന്നതല്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എന്‍ പൊതു സഭയില്‍ പറഞ്ഞത്.
ആണവയുദ്ധ ഭീഷണി യുദ്ധത്തിന്റെ വക്കിലേക്ക് രാജ്യങ്ങളെ എത്തിക്കുന്നതിന് തുല്യമാണെന്നും മെയ്ത്ര സഭയില്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന ഇമ്രാന് ഖാന്റെ പ്രസ്താവനക്കെതിരെയും മെയ്ത്ര രംഗത്തെത്തി.
തീവ്രവാദത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് അര്‍ഹതയില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ‘ തീവ്രവാദത്തെ കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാന്‍ പാക്കിസ്ഥാന് അര്‍ഹതയില്ല. യു.എന്നിന്റെ പട്ടികയിലുള്‍പ്പെട്ട 130 തീവ്രവാദികള്‍ക്കും 25 തീവ്രവാദ സംഘടനകള്‍ക്കും അഭയം നല്കുന്ന രാജ്യമാണ് പാകിസ്താന്.
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അദ്ദേഹം ഒസാമ ബിന്‍ലാദന്റെ അനുയായി അല്ലെന്ന് പറയാനാകുമോ? യു.എന്‍. തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് പെന്ഷന് നല്കുന്ന ലോകത്തിലെ ഒരേ ഒരു രാജ്യം പാകിസ്ഥാന് ആണെന്ന് അവര്‍ ഏറ്റുപറയുമോ? – വിധിഷ മെയ്ത്ര ചോദിച്ചു.
27 പ്രധാന പാരാമീറ്ററുകളില്‍ 20 ല്‍ കൂടുതല്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന് നടത്തിയതായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ റിപ്പോര്‍ട്ട് പാക്കിസ്ഥാന് നിഷേധിക്കുമോയെന്നും 1971 ല്‍ പാകിസ്താന് സ്വന്തം ജനതയ്ക്കെതിരെ നടത്തിയ ഭീകരമായ വംശഹത്യയെ മറക്കരുതെന്നും മെയ്ത്ര തിരിച്ചടിച്ചു. ‘1971 ലെ ബംഗ്ലാദേശിലെ വിമോചന യുദ്ധത്തില്‍ നടന്ന പാക്കിസ്ഥാന്റെ സൈനിക നടപടിയെ പ്രതിപാദിച്ചായിരുന്നു മെയ്ത്രയുടെ പ്രസംഗം. 3 ദശലക്ഷം നിരപരാധികളെയാണ് അന്ന് ഭരണകൂടം കെന്നൊടുക്കിയതെന്നും അവര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനായ ഹാഫിസ് സയ്യിദിനെതിരെ പാക്കിസ്ഥാന് എന്ത് നടപടി സ്വീകരിച്ചു. തീവ്രവാദികളുടെ പട്ടികയില്‍ യു.എന്‍ ഒന്നാം നിരയില്‍ ഉള്‍പ്പെടുത്തിയ ഹാഫിസ് സയ്യിദിന് പെന്ഷന് നല്കുന്ന ലോകത്തിലെ ഏക സര്‍ക്കാരാണ് നിങ്ങള്‍ എന്ന് അംഗീകരിക്കുമോ? പാക്കിസ്ഥാനില്‍ നടക്കുന്നത് ന്യൂനപക്ഷ വിരുദ്ധതയാണെന്നും 1947 ല്‍ 23 ശതമാനമായ ന്യൂനപക്ഷം ഇന്ന് അവിടെ വെറും 3 ശതമാനമായി ചുരുങ്ങിയെന്നും മെയ്ത്ര പറഞ്ഞു.
ക്രിസ്ത്യാനികള്‍, സിഖുകാര്‍, അഹ്മദിയകള്‍, ഹിന്ദുക്കള്‍, ഷിയ വിഭാഗക്കാര്‍, സിന്ധികള്‍, ബലൂചികള്‍ എന്നിവര്‍ക്കെതിരെ ക്രൂരമായ മതനിന്ദ നിയമങ്ങള്‍ ചുമത്തിയും പീഡനങ്ങള്ക്കിരയായിക്കിയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മെയ്ത്ര പറഞ്ഞു.
ജെന്റില്മാന്മാരുടെ കളിയായ ക്രിക്കറ്റില്‍ വിശ്വസിക്കുന്ന ഒരു മുന്‍ ക്രിക്കറ്റര്‍ ഇന്ന് നടത്തിയ പ്രസംഗം അപക്വമായതും അതിര്‍വരമ്പ് ലംഘിക്കുന്നതാണെന്നും ദാറ ആദംഖേലിലെ വിവിധ തോക്കുകളെ അനുസ്മരിപ്പിക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല