സ്വന്തം ലേഖകന്‍: പാക് ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ദിരാ ഗാന്ധി പദ്ധതിയിട്ടിരുന്നതായി സിഐഎ രേഖകള്‍. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാകിസ്താന്റെ പ്രധാന ആണവകേന്ദ്രള്‍ തുടച്ചുനീക്കാന്‍ ആലോചിച്ചിരുന്നതായി സിഐഎയുടെ രഹസ്യ രേഖകളിലാണ് പരാമര്‍ശമുള്ളത്.
പാകിസ്താന്റെ ആണവശേഷി ഇല്ലാതാക്കുകയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ലക്ഷ്യം. യുഎസ് പാകിസ്താന് ഫൈറ്റര്‍ ജെറ്റുകളും മറ്റും കൈമാറാന്‍ പദ്ധതിയിട്ടതിന് പിന്നാലെയാണ് ഇന്ത്യ ആക്രമണത്തിന് തയ്യാറെടുത്തതെന്നും രേഖകളില്‍ പറയുന്നു.
എന്നാല്‍, ഇടയ്ക്ക് വെച്ച് ഇന്ദിര പദ്ധതിയില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. 1980 കളില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും എത്തിയപ്പോഴാണ് ഇന്ദിരാഗാന്ധി സൈനികാക്രമണത്തിനു ആലോചിച്ചിരുന്നതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
പാകിസ്താന്‍ ആണവശേഷി നേടുന്നതില്‍ ഇന്ദിരാ ഗാന്ധി അസ്വസ്ഥയായിരുന്നെന്ന് നേരത്തെ ശ്രുതിയുണ്ടായിരുന്നു. പാക്കിസ്താനിലെ ആണവ പുരോഗതിയില്‍ ഇന്ത്യയുടെ പ്രതികരണം എന്ന തലക്കെട്ടിലാണ് സിഐഎ രേഖ.
ആദ്യ ആണവ ആക്രമണം പാക്കിസ്താന്‍ നടത്തിയേക്കാം എന്ന ഘട്ടം വന്നപ്പോള്‍ ഇന്ത്യയിലും ഇന്ദിരാഗാന്ധി ആണവ പരീക്ഷണങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല