സ്വന്തം ലേഖകന്‍: ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം; പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഭീകരര്‍ക്ക് ധനസഹായം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ന്റെ പാരീസില്‍ ചേര്‍ന്ന യോഗം പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
പാകിസ്താനെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് ബ്രിട്ടണ്, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പിന്തുണ നല്കി. ഒന്നിനെതിരെ 36 വോട്ടുകള്‍ക്കാണ് പാകിസ്താനെ പട്ടികയില്‍ പെടുത്താനുള്ള തീരുമാനം പാസായത്. സഖ്യകക്ഷിയോ, അടുത്ത സുഹൃത്തോ അല്ലാത്ത തുര്‍ക്കി മാത്രമാണ് പാകിസ്താന് അനുകൂലമായി വോട്ട് ചെയ്ത രാജ്യം എന്നതും ശ്രദ്ധേയമായി.
ഗ്രേ ലിസ്റ്റില്‍ പാകിസ്താന് ഉള്‍പെട്ടതോടെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പാകിസ്താനില്‍ നിക്ഷേപങ്ങള്‍ നടത്താനോ പ്രവര്‍ത്തിക്കാനോ നിയന്ത്രണങ്ങളോ വിലക്കുകളോ ഉണ്ടാകും. ഇത് പാകിസ്താനിലെ വ്യവസായങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. ഇവക്കാവശ്യമായ സമ്പത്തിക സഹായം വിദേശരാജ്യങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ പാകിസ്താന് ഇനി സാധിക്കില്ല.
നിലവില്‍ ശതകോടികളുടെ കടബാധ്യതയില്‍ പെട്ട് ഉഴറുന്ന പാകിസ്താനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ നീക്കം. നിലവില്‍ പാകിസ്താന് 30,000 കോടി ഡോളറിന്റെ കടബാധ്യതയാണുള്ളത്. ഇത് വരുന്ന ജൂണിനുള്ളില്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റേറ്റിങ് ഏജന്‍സികള്‍ പാക്സ്താന്റെ ക്രെഡിറ്റ് റേറ്റിങ് കുത്തനെ കുറയ്ക്കും. ഇത് പാകിസ്താനിലേക്കുള്ള വിദേശ നിക്ഷേപത്തിലും വിദേശ നാണ്യ വരവിനും തടസമുണ്ടാക്കുന്നതോടെ പാകിസ്താന് കൂടുതല്‍ പ്രതിസന്ധിയിലാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല