1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2017

 

സ്വന്തം ലേഖകന്‍: ഹിന്ദു മാരേജ് ബില്ലിന് പാക് സെനറ്റ് അംഗീകാരം നല്‍കി, പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷത്തിന്റെ ദീര്‍ഘകാല ആവശ്യത്തിന് അംഗീകാരം. 2015 സെപ്തംബര്‍ 26ന് ബില്ലിന് പാകിസ്താന്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. പ്രസിഡന്റ് കൂടി അംഗീകാരം നല്‍കുന്നതോട് കൂടി ബില്ല് നിയമമാകും. ഹിന്ദു മാരേജ് ആക്ട് യാഥാര്‍ഥ്യമാകുന്നതോട് കൂടി ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹത്തിന്റെ ഔദ്യോഗിക രേഖ ലഭിക്കും.

പാകിസ്താനിലെ പഞ്ചാബ്, ബലൂചിസ്താന്‍, ഖൈബര്‍ പ്രവിശ്യകളിലെ ഹിന്ദുകള്‍ക്ക് നിയമത്തിന്റെ ഗുണം ലഭിക്കും. സിന്ധ് പ്രവിശ്യ മുമ്പ് തന്നെ ഹിന്ദുക്കള്‍ക്കായുള്ള വിവാഹ നിയമം ഉണ്ടാക്കിയിരുന്നു. പാകിസ്താന്‍ നിയമ മന്ത്രി സഹിദ് ഹമീദാണ് ബില്ല് സെനറ്റില്‍ അവതരിപ്പിച്ചത്. സെനറ്റില്‍ ബില്ലിനെതിരെ വലിയ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ല. എന്നാല്‍ സെനറ്റര്‍ മുഫ്തി അബ്ദുള്‍ സത്താര്‍ ബില്ലിനെതിരെ രംഗത്തെത്തി. നിലവിലുള്ള ഭരണഘടന ഹിന്ദുക്കളുടെ അവകാശങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഹിന്ദു മാരേജ് ആക്ടിനായി പ്രവര്‍ത്തിച്ച രമേഷ് കുമാര്‍ അടക്കമുള്ളവര്‍ ബില്ലിനെ അനുകൂലിച്ചു. നിര്‍ബന്ധിത മതം മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളെ തടയുന്നതിന് നിയമം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിന്റെ രജിസ്‌ട്രേഷന്‍, വിവാഹ മോചനം, പുനര്‍ വിവാഹം എന്നീ കാര്യങ്ങളില്‍ കൃതമായ നിര്‍വചനങ്ങള്‍ നല്‍കുന്നതാണ് നിയമം. വിവാഹത്തിനുള്ള പ്രായം സത്രീകള്‍ക്കും പുരഷന്‍മാര്‍ക്കും 18 വയസാണെന്നും നിയമത്തില്‍ പറയുന്നുണ്ട്.

ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് ഹിന്ദു വിവാഹവുമായി ബന്ധപ്പെട്ട ബില്‍ സെനറ്റ് നിയമമായി അംഗീകരിക്കുന്നത്. പാക്കിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും നിയമത്തിനു പ്രാബല്യമുണ്ട് എന്നതിനാല്‍ ഹിന്ദുക്കളുടെ വിവാഹവും രജിസ്‌ട്രേഷനും മോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വ്യക്തത കൊണ്ടുവരാന്‍ നിയമം സഹായകരമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.