സ്വന്തം ലേഖകന്‍: കുല്ഭൂഷണ് ജാദവ് കേസില്‍ പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി; പാക് വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും. കുല്ഭൂഷണ് ജാദവ് കേസില്‍ വാദം നീട്ടിവെക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ പാകിസ്താന്റെ അഡ്ഹോക് ജഡ്ജിനെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഈ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് പുതിയ ജഡ്ജി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ കുല്ഭൂഷണ് കേസിന്റെ വാദം നീട്ടിവെക്കണമെന്ന് പാകിസ്താന് ആവശ്യമുന്നയിച്ചത്.പാകിസ്താന്റെ ജഡ്ജി കോടതിയില്‍ ഇല്ലാത്തത് ഗുണകരമാകില്ലെന്നായിരുന്നു പാകിസ്താനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന് പറഞ്ഞത്.
കുല്ഭൂഷണ് ജാദവ് കേസിലെ പാകിസ്താന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും. അന്തിമ വാദത്തിലെ ഇന്ത്യയുടെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുക. കുല്ഭൂഷണ് ചാരനാണ്. ബലൂചിസ്ഥാന്‍ അക്രമിക്കലായിരുന്നു ലക്ഷ്യം. നിയമ വിരുദ്ധമായി പാകിസ്താനിലെത്തിയെന്നും വ്യാജ പാസ്പോര്‍ട്ടുമായി 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുമാണ് പാക് വാദം.
എന്നാല്‍ 13 തവണ ആവിശ്യപ്പെട്ടിട്ടും കുല്ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്താന് നിരസിച്ചു എന്ന് ഇന്ത്യയുടെ അഭിഭാഷകന് ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ചാരവൃത്തി ആരോപിച്ച് കുല് ഭൂഷണ് 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല