സ്വന്തം ലേഖകന്‍: പാക്കിസ്താനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; സുരക്ഷാ ഗാര്‍ഡിനെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ഗവാധറിലെ പേള്‍ കോണ്ടിനെന്റല് ഹോട്ടലിലാണ് ആക്രമണം. ഹോട്ടലിന്റെ കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഗാര്‍ഡിനെ ഭീകരര്‍ വധിച്ചു.
വൈകീട്ട് അഞ്ച് മണിയോടെ നാലു ഭീകരര്‍ ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോട്ടലില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിതരായി ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ വളഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം വിഘടനവാദ സംഘടനയായ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ഏറ്റെടുത്തു. ഹോട്ടലിലെ താമസക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി പാക് അധികൃതര്‍ അറിയിച്ചു. ഹോട്ടലില്‍ ഭീകരരും സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഒന്നാം നിലയില്‍ നിലയുറപ്പിച്ചിരുന്ന ഭീകരര്‍ ഹോട്ടലിന്റെ മുകള്‍ നിലയിലേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം. ഭീകരരെ നേരിടാനുള്ള നടപടികള്‍ തുടങ്ങിയതായി സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹോട്ടലില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്താനിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമാണ് ഗവാധര്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല