സ്വന്തം ലേഖകന്‍: 2025 ഓടെ പാകിസ്താന്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് പഠനം. ആണവായുധ നിര്‍മാണ രംഗത്ത് പാക്കിസ്ഥാന്‍ അതിവേഗം മുന്നേറുകയാണെന്നും ഇങ്ങനെ പോയാല്‍ 2025 ഓടെ ലോകത്തെ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 140150 ആണവായുധങ്ങളാണ് നിലവില്‍ പാകിസ്താന്റെ പക്കലുള്ളത്.
2025 ല്‍ ഇത് 220225 ആയി വര്‍ധിക്കാനാണ് സാധ്യതയെന്നും പാകിസ്താന്റെ ആണവപദ്ധതികളെക്കുറിച്ച് പഠനം നടത്തുന്ന സംഘത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 ആകുമ്പോഴേക്കും 60 മുതല്‍ 80 വരെ ആണവായുധങ്ങള്‍ പാകിസ്താന്റെ കൈവശമുണ്ടാകുമെന്ന് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി 1999 ല്‍ നടത്തിയ അനുമാനത്തെ കവച്ചുവയ്ക്കുന്നതാണ് നിലവിലെ കണക്കുകള്‍.
ഹാന്‍സ് എം. ക്രിസ്റ്റന്‍സെന്‍, റോബര്‍ട്ട് എസ്. നോറിസ്, ജൂലിയ ഡയമണ്ട് എന്നിവരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വാഷിങ്ടണിലെ ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സിലെ ആണവ വിവരശേഖരണ പദ്ധതിയുടെ ഡയറക്ടറാണ് ക്രിസ്റ്റന്‍സെന്‍. തന്ത്രപരമായ ആണവായുങ്ങളുടെ കടന്നുവരവോടെ പാകിസ്താന്റെ ആണവ സുരക്ഷിതത്വത്തെക്കുറിച്ചുള്ള യുഎസിന്റെ നിരീക്ഷണം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ വിശ്വാസത്തില്‍നിന്ന് ആശങ്കയിലേക്കു വഴിമാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിര്‍മ്മാണത്തിലിരിക്കുന്ന നാല് പ്ലൂട്ടോണിയം റിയാക്ടറുകള്‍, യുറേനിയം സമ്പുഷ്ടമാക്കാനുള്ള സംവിധാനങ്ങളുടെ വികസനം തുടങ്ങിയ വിവിധ വിക്ഷേപണ സംവിധാനങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എത്രയായാലും, പത്തു വര്‍ഷത്തിനകം വലിയ തോതില്‍ വര്‍ധിക്കാവുന്ന തരത്തിലുള്ള ആണവശേഖരണം പാകിസ്താന്റെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ തങ്ങളുടെ ആണവശക്തി എത്രമാത്രം വര്‍ധിപ്പിക്കുന്നു എന്നതിനനുസരിച്ചാകും ഇക്കാര്യത്തില്‍ പാകിസ്താന്റെ മുന്നേറ്റമുണ്ടാകുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല