സ്വന്തം ലേഖകന്‍: ഇന്ത്യയുടെ സാര്‍ക്ക് സ്വാധീനം മറികടക്കാന്‍ ബദല്‍ സംഘടനയുണ്ടാക്കാന്‍ പാകിസ്താന്‍, ഒപ്പം ചൈനയും ഇറാനും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ സാര്‍കില്‍ ഇന്ത്യയുടെ സ്വാധീനം തുടരുന്ന സാഹചര്യത്തിലാണ് പുതിയ സംഘടന രൂപീകരിക്കാന്‍ പാകിസ്താന്‍ നീക്കം തുടങ്ങിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഒരു സാമ്പത്തിക സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച അമേരിക്കയിലെത്തിയ പാകിസ്താന്‍ പാര്‍ലമെന്ററി സംഘം ചര്‍ച്ച ചെയ്തതായാണ് സൂചന.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഒരു സംഘടന ഉയര്‍ന്നുവരുന്നതായി പാക് എം.പി മുഷാഹിദ് ഹുസൈന്‍ വ്യക്തമാക്കി. ചൈന, ഇറാന്‍, തുടങ്ങിയ രാജ്യങ്ങള്‍ സംഘത്തില്‍ ചേരും. ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ദക്ഷിണേഷ്യയേയും മധ്യ ഏഷ്യയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന സാമ്പത്തിക പാതയായിരിക്കുമെന്നുമെന്നും ഹുസൈന്‍ പറഞ്ഞു. സംഘടനയില്‍ ഇന്ത്യയേയും ചേര്‍ക്കണമെന്നാണ് ആഗ്രഹമെന്നും അതിനുള്ള ശ്രമം തുടരുമെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നവംബറില്‍ പാകിസ്താനില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ പിന്മാറുകയും മറ്റ് അംഗരാജ്യങ്ങളെ പിന്‍വലിക്കുകയും ചെയ്തിരുന്നു. പാകിസ്താന് കനത്ത തിരിച്ചടി നല്‍കുന്ന നയതന്ത്ര നീക്കമാണ് ഇന്ത്യ നടത്തിയത്. ഇതോടെയാണ് സാര്‍കിന്റെ പ്രസക്തി നഷ്ടപ്പെടുത്തി പുതിയ സംഘടനയ്ക്ക് രൂപം നല്‍കാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നത്.
അതിനിടെ ലോകസമാധാനത്തിന് പാകിസ്താന്‍ ഭീഷണിയാണെന്ന് യുഎന്നില്‍ ഇന്ത്യ വ്യക്തമാക്കി. സൂക്ഷമ പരിശോധന നടത്താത്ത അണുവായുധ നിര്‍മ്മാണവും തീവ്രവാദ സംഘടനകളുമായുള്ള രാജ്യത്തിന്റെ ബന്ധവും ലോകത്തിന് മുഴുവനും ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി വെങ്കിടേഷ് വെര്‍മ്മ പറഞ്ഞു.
ജമ്മു കശ്മീരിലെ നിരായുധീകരണം സംബന്ധിച്ച ചര്‍ച്ചയിലാണ് വെങ്കിടേഷ് പാകിസ്താനെതിരെ രൂക്ഷവിമര്‍ശനം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല