സ്വന്തം ലേഖകൻ: പാകിസ്താനിലെ ലിയാഖത്ത് പൂരില്‍ ട്രെയിനിന് തീപിടിച്ച് 65 പേര്‍ മരിച്ചു. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോയ തെസ്ഗാം ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉപയോഗിച്ച പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം. ട്രെയിനിലെ ഒരു യാത്രക്കാരന്‍ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തീപ്പിടിത്തത്തില്‍ മൂന്ന് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചു.
രണ്ട് അടുപ്പുകളാണ് പൊട്ടിത്തെറിച്ചതെന്നും പാചകത്തിന് ഉപയോഗിച്ച എണ്ണയ്ക്ക് തീപ്പിടിച്ചത് അപകടത്തിന്റെ ആക്കം കൂട്ടിയതായും റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു. തീപ്പിടിത്തം കണ്ട് ട്രെയിനില്‍ നിന്നും ആളുകള്‍ എടുത്ത് ചാടിയതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല