നാലാമത്തേയും അവസാനത്തേതുമായ ഏകദിനത്തില്‍ നാലു വിക്കറ്റിനു ജയിച്ച ഇംഗ്ളണ്ട് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 237 റണ്‍സിനു എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നാലു പന്തുകള്‍ ശേഷിക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ഇംഗ്ളണ്ടിനു വേണ്ടി സെഞ്ചുറി നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കെവിന്‍ പീറ്റേഴ്സണാണ്(130) മാന്‍ ഓഫ് ദ മാച്ച്. പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ളീഷ് ക്യാപ്റ്റന്‍ അലസ്റര്‍ കുക്ക് മാന്‍ ഓഫ് ദ സീരീസായി.
238 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ളണ്ടിനു തുടക്കത്തില്‍ തന്നെ നായകന്‍ കുക്കിനെ നഷ്ടമായി. ജുനൈഥ് ഖാനാണ് നാലു റണ്‍സുമായി കുക്കിനെ മടക്കിയത്. തുടര്‍ന്ന് 68 റണ്‍സിനു നാലു വിക്കറ്റെന്ന നിലയിലേയ്ക്കു തകര്‍ന്ന ഇംഗ്ളണ്ടിനെ സെഞ്ചുറിയിലൂടെ പീറ്റേഴ്സണും 43 റണ്‍സെടുത്ത ക്രെയ്ഗ് കീസ്വെറ്ററും ചേര്‍ന്നാണ് കളിയിലേയ്ക്കു മടക്കിക്കൊണ്ടുവന്നത്. സ്കോര്‍ 177ല്‍ നില്‍ക്കുമ്പോള്‍ കീസ്വെറ്റര്‍ റണൌട്ടായി. വിജയത്തിനു തൊട്ടടുത്തെത്തിച്ച ശേഷം 48.6 ഓവറില്‍ പീറ്റേഴ്സണും(130) മടങ്ങി. തുടര്‍ന്ന് സമിത് പട്ടേലും ടിം ബ്രെസ്നാനും ചേര്‍ന്ന് ഇംഗ്ളണ്ടിനെ വിജയത്തിലെത്തിച്ചു.
നേരത്തെ പാക്കിസ്ഥാന്‍ അസര്‍ അലി(58)യുടേയും അസാദ് ഷാഫിഖി(65)ന്റെയും അര്‍ധ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് 237 എന്ന ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്. പാക് നായകന്‍ മിസ്ബ ഉള്‍ ഹഖ് 46 റണ്‍സെടുത്തു. ഷൊയ്ബ് മാലിക്ക് 23 റണ്‍സെടുത്തു പുറത്തായി. ഇംഗ്ളണ്ടിനു വേണ്ടി പത്തോവറില്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഡെന്‍ബച്ചാണ് പാക്കിസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. സ്റീവന്‍ ഫിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. പാക്കിസ്ഥാനു വേണ്ടി സയിദ് അജ്മല്‍ മൂന്നു വിക്കറ്റ് നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല