സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളില്‍ നിന്ന് ആജീവനാന്ത വിലക്ക്; രാഷ്ട്രീയ ജീവിതത്തിന് താത്ക്കാലിക വിരാമം. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി പാകിസ്താന്‍ സുപ്രിം കോടതിയുടേതാണ് ഉത്തരവ്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തില്‍ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിപ്പിച്ചത്.
പാക് ഭരണഘടന പ്രകാരം ആജീവനാന്ത വിലക്കാണ് ഷരീഫിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടായിരുന്നു മുന്‍ പ്രധാനമന്ത്രിയെ വിലക്കാനുള്ള തീരുമാനമെടുത്തത്. പനാമ പേപ്പര്‍ വിവാദത്തില്‍ സുപ്രിംകോടതി വിധി എതിരായതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണ് ഷരീഫ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. വിവിധ ഘട്ടങ്ങളിലായി മൂന്ന് തവണ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട് നവാസ് ഷെരീഫ്.
പനാമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫും മൂന്നു മക്കളും ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ സംഭവത്തില്‍ ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ലോകത്തെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ബിനാമി ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിലുണ്ടായിരുന്ന പ്രധാനപേരുകളായിരുന്നു പാക് പ്രധാനമന്ത്രിയുടെ മക്കളുടേത്. എന്നാല്‍ തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല