സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് കരുത്തുകൂട്ടാന്‍ പാകിസ്താന്‍; ഇന്ത്യയെ നിരീക്ഷിക്കാന്‍ പുതിയ ബഹിരാകാശ പദ്ധതി. ആകാശ നിരീക്ഷണത്തില്‍ കൂടുതല്‍ ശക്തരാകാനും ഇന്ത്യയെ കാര്യക്ഷമമായി നിരീക്ഷിക്കാനുമായി പാകിസ്താന്‍ വമ്പന്‍ പദ്ധതിയ്ക്ക് രൂപം നല്‍കുന്നു. സൈനിക സൈനികേതര ആവശ്യങ്ങള്‍ക്കായി വിദേശ കൃത്രിമോപഗ്രഹങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും ഈ പദ്ധതിയ്ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 470 കോടി രൂപയാണ് പാകിസ്താന്റെ ബഹിരാകാശ സംഘടനയായ സ്‌പേസ് ആന്റ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷനായി [സ്പാര്‍ക്കോ] നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 255 കോടി രൂപയും പുതിയ മൂന്ന് ബഹിരാകാശ പദ്ധതികള്‍ക്കായാണ് വിനിയോഗിക്കുക. പാക് മാധ്യമമായ ദി ഡോണ്‍ ആണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
സിവില്‍, മിലിട്ടറി ആവശ്യങ്ങള്‍ക്കായി പ്രധാനമായും അമേരിക്ക, ഫ്രാന്‍സ്, എന്നീ രാജ്യങ്ങളെയാണ് പാകിസ്താന്‍ ആശ്രയിക്കുന്നത്. വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിന് കുറവു വരുത്താനും കൂടിയാണ് പാകിസ്താന്റെ ശ്രമമെന്നും റിപ്പോര്‍ട്ട് പറയുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ തുടര്‍ച്ചയായി വിജയങ്ങള്‍ കൈവരിയ്ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പാകിസ്താന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ സാറ്റ്‌ലൈറ്റ് പദ്ധതികളെ വിശദമായി നിരീക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാക്‌സാറ്റ് എംഎം1 ആണ് കൂട്ടത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതി. ഈ പദ്ധതിയ്ക്ക് വേണ്ടി മാത്രമായി ഏതാണ്ട് 135 കോടി രൂപയാണ് പാകിസ്താന്‍ മുതല്‍മുടക്കുന്നത്. കറാച്ചി, ലാഹോര്‍, ഇസ്‌ലാമാബാദ്, എന്നിവിടങ്ങളില്‍ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുന്നതിന് 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല