പാക് ക്രിക്കറ്റിനെ പിടിച്ചുകുലുക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി വിവാദ നായകന്‍ ഷൊയ്ബ് അക്തര്‍ രംഗത്ത്. താനടക്കമുള്ള ഒട്ടുമിക്ക പാക് ബൗളര്‍മാരും പന്തില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നാണ് അക്തറുടെ വെളിപ്പെടുത്തല്‍. അധികസ്വിങ് ആവശ്യമുള്ളപ്പോഴെല്ലാം പാകിസ്താനീ ബൗളര്‍മാര്‍ പന്തില്‍ കൃത്രിമം കാട്ടാറുണ്ടെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് അക്തറുടെ ആരോപണം. പാകിസ്താന്‍ ബൗളര്‍മാര്‍ തലമുറകളായി തുടരുന്ന ഒരു കാര്യമാണിത്. ഇത് ആദ്യമായി വെളിപ്പെടുത്തുന്ന ആള്‍ ഞാനാണെന്നു മാത്രം-കോണ്‍ട്രവേഷ്യലി യുവേഴ്‌സ് എന്ന തന്റെ ആത്മകഥയില്‍ അക്തര്‍ പറഞ്ഞു.
സത്യസന്ധമായി പറഞ്ഞാല്‍ ലോകത്തിലെ എല്ലാ ടീമുകളും പന്തില്‍ കൃത്രിമം കാട്ടാറുണ്ട്. വേഗത കുറഞ്ഞ പിച്ചുകളില്‍ സ്വിങ് ലഭിക്കാന്‍ ഇതല്ലാതെ വേറെ പോംവഴിയൊന്നുമില്ല. ബാറ്റ്‌സ്മാന്മാര്‍ക്കുവേണ്ടി നിയമങ്ങള്‍ മാറ്റുമ്പോള്‍ ക്രൂശിക്കപ്പെടുന്നത് ബൗളര്‍മാരാണ്-ആത്മകഥയില്‍ അക്തര്‍ പറഞ്ഞു.
മുന്‍ പാക് നായകന്‍ വസീം അക്രത്തിനും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കുമെതിരെയും രൂക്ഷമായ വിമര്‍ശമാണ് അക്തര്‍ നടത്തുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്റെ പേസിനെ ഭയന്നിരുന്നെന്നും സച്ചിനും രാഹുല്‍ ദ്രാവിഡിനും ടീമിനെ വിജയിപ്പിക്കാനുള്ള കഴിവില്ലെന്നുമാണ് അക്തറുടെ വിമര്‍ശം. കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ടെങ്കിലും വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ്, ബ്രയാന്‍ ലാറ തുടങ്ങിയവരുടെ ഗുണങ്ങള്‍ സച്ചിന്‍ എന്ന ബാറ്റ്‌സ്മാനില്ലെന്നും അക്തര്‍ പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായ ഷാരൂഖ് ഖാനും ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയും തന്നെ വഞ്ചിച്ചുവെന്നും ആക്തര്‍ ആരോപിച്ചു. വസീം അക്രം ടീമിലേയ്ക്ക് പുതിയ ബൗളര്‍മാര്‍ വരുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നുമാണ് അക്തറുടെ മറ്റൊരു ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല