പാക്കിസ്ഥാന്‍ ഇപ്പോഴും ഭീകരരുടെ താവളമാണെന്ന് യുഎസ് സേനാ ജോയിന്‍റ് ചീഫ് ഒഫ് സ്റ്റാഫ് ജനറല്‍ മാര്‍ട്ടിന്‍ ഡെംപ്സി. അഫ്ഗാനിലെ പാക് സ്വാധീനം ഇല്ലാതാക്കേണ്ടതുണ്ടെന്ന് ഡെംപ്സി. പാക്കിസ്ഥാനുമായുള്ള അമെരിക്കയുടെ ബന്ധം സംഘര്‍ഷാവസ്ഥയിലാണെന്നും യുഎസ് സേനാ മേധാവി.
ഭീകരരുടെ സുരക്ഷിത താവളമായി പാക്കിസ്ഥാന്‍ തുടരുകയാണ്. യുഎസിന്‍റെ അഫ്ഗാന്‍ ദൗത്യത്തില്‍ പാക്കിസ്ഥാനുള്ള സ്വാധീനം അവസാനിപ്പിക്കേണ്ടതുണ്ട്. യുഎസ്-പാക് ബന്ധം സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണ്. അതു സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഡെപ്സി.
അതിനിടെ, ഇസ്ലാമാബാദുമായി സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പാക് താലിബാന്‍ സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കമാന്‍ഡര്‍ മൗലവി ഫക്കിര്‍ മുഹമ്മദാണ് വാര്‍ത്താ ഏജന്‍സിയോട് ഇക്കാര്യം സമ്മതിച്ചത്. താലിബാനുമായി ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നാണ് പാക് അധികൃതര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. താലിബാന്‍ ഡെപ്യൂട്ടി കമാന്‍ഡറുടെ വെളിപ്പെടുത്തല്‍, ഇതിനകം വഷളായ യുഎസ്-പാക് ബന്ധത്തെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കും. താലിബാനുമായി പാക് അധികൃതര്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് യുഎസ് നേരത്തേ ആരോപിച്ചിരുന്നു.
ബജോറിലാണ് താലിബാനും പാക് അധികൃതരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതെന്ന് മൗലവി ഫക്കിര്‍ മുഹമ്മദ്. ബജോര്‍ ഗോത്രമേഖലയില്‍ താലിബാന്‍റെ കമാന്‍ഡറാണ് മൗലവി. ബജോറില്‍ സമാധാന കരാര്‍ ഒപ്പുവയ്ക്കാനായാല്‍ സ്വാത്, മുഹമന്ദ്, ഒരക്സായ്, തെക്കന്‍ വസീരിസ്ഥാന്‍ എന്നിവിടങ്ങളിലും ചര്‍ച്ചകള്‍ നടത്തുമെന്ന് മൗലവി. ചര്‍ച്ച നടക്കുന്നുണ്ടെന്നു താലിബാന്‍ സ്ഥിരീകരിച്ച വാര്‍ത്തയോട് പാക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. യുഎസും ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല