1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2012

സൈന്യവും ജനാധിപത്യഭരണകൂടവും തമ്മിലുള്ള വടംവലി രൂക്ഷമായതോടെ പാകിസ്താന്‍ വീണ്ടും ഭരണപ്രതിസന്ധിയിലേക്കു നീങ്ങുന്നു. സൈന്യത്തിനെതിരായ പ്രധാനമന്ത്രിയുടെ നിലപാട് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പട്ടാള നേതൃത്വം മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ പ്രധാമന്ത്രി യൂസഫ് റാസ ഗീലാനി സൈന്യവുമായി അടുപ്പമുള്ള പ്രതിരോധ സെക്രട്ടറിയെ പിരിച്ചുവിട്ടതാണ് പുതിയ സംഘര്‍ഷത്തിന് കാരണമായത്.

അതിനിടെ ഇന്നലെ ദുബായിലേക്ക് പോയ സര്‍ദാരി സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ദാരി രാജ്യത്ത് മടങ്ങിയെത്തിയതായി അദ്ദേഹത്തിന്റെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്തിനാണ് സര്‍ദാരി ദുബായിലേക്ക് പോയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. മെഡിക്കല്‍ പരിശോധനയ്ക്കായിട്ടാണെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.

പാകിസ്താനില്‍ രാഷ്ട്രീയ വിവാദമായി മാറിയ രഹസ്യ രേഖാ പ്രശ്‌നത്തെ സൈന്യവും ഐ.എസ്.ഐ.യും കൈകാര്യം ചെയ്തത് ഭരണഘടനാ വിരുദ്ധമായ രീതിയിലാണെന്ന് ഗീലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ കടുത്ത ഭാഷയിലാണ് സൈന്യം പ്രതികരിച്ചത്.

സൈന്യത്തിന്റെ ഈ പ്രതികരണം വന്നതിനു തൊട്ടുപിറകെയാണ് പ്രതിരോധ സെക്രട്ടറി ലഫ്. ജനറല്‍ (റിട്ട.) ഖാലിദ് നയീം ലോദിയെ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി പുറത്താക്കിയത്. കരസേനാ മേധാവി അഷ്ഫാഖ് പര്‍വേസ് കയാനിയുമായി അടുപ്പമുള്ളയാളാണ് നയീം ലോദി. സൈന്യത്തിന്റെ മേലും രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.യുടെ മേലും പാക് സര്‍ക്കാറിന് പ്രവര്‍ത്തനപരമായ നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ലോദി സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു.

ഈ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച സര്‍ക്കാര്‍ അടിയന്തര പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുമുണ്ട്. മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് 2007ല്‍ കൊണ്ടുവന്ന ദേശീയ അനുരജ്ഞന ഓര്‍ഡിനന്‍സിലൂടെ ഉന്നത സ്ഥാനങ്ങളിലുള്ള 8000 പേരെ കോടതി നടപടികളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സര്‍ദാരിക്കും ഈ ഓര്‍ഡിനന്‍സിന്റെ ആനുകൂല്യം ലഭ്യമായിരുന്നു.

2009ല്‍ ഈ നിയമത്തെ മറികടന്ന് സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാറിന് കത്തെഴുതാന്‍ സുപ്രീം കോടതി പാക് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഗീലാനി ഇത് അനുസരിച്ചിരുന്നില്ല. ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സര്‍ദാരിക്കും മറ്റുമെതിരെയുള്ള കേസുകള്‍ ഇനിയും പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.