സ്വന്തം ലേഖകന്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ റോക്കറ്റ് ആക്രമണം, കൊല്ലപ്പെട്ട 2 ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാക് സൈനികര്‍ വികൃതമാക്കി, തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം. തിങ്കളാഴ്ച പുലര്‍ച്ചെ ജമ്മുകാശ്മീരിലെ അതിര്‍ത്തി പോസ്റ്റുകളിലേക്ക് നടത്തിയ ആക്രമണത്തിലാണ് 22 സിഖ് റജിമെന്റിലെ പരംജിത് സിങ്, ബിഎസ്എഫ് 200 ബറ്റാലിയനിലെ പ്രേം സാഗര്‍ എന്നീ സൈനികര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ട സൈനീകരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയെങ്കിലും പാക് സൈന്യം ഈ സമയത്തിനുള്ളില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി.
ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മുഖം വികൃതമാക്കപ്പെട്ട നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ നടപടി നിന്ദ്യമെന്ന് വിശദീകരിച്ച ഇന്ത്യന്‍ സൈനിക അധികൃതര്‍ അനുയോജ്യമായ സമയത്ത് മറുപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി. പാക് നടപടിയെ പ്രാകൃതം എന്നു വിശേഷിപ്പിച്ച മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സൈന്യത്തിന് മേല്‍ രാജ്യത്തിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി. പഞ്ചാബിലെ ടാന്‍ ടാരന്‍ ജില്ലക്കാരനാണ് 42 വയസ്സുള്ള പരംജിത് സിങ്. പ്രേം സാഗര്‍ ഉഃത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലക്കാരനാണ്.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റിലേക്ക് പാക്കിസ്ഥാന്‍ മോര്‍ട്ടറുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു എന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വടക്കന്‍ കമാണ്ടന്റ് പറഞ്ഞു. പാക്കിസ്താന്‍ സൈനികരും തീവ്രവാദികളും അടങ്ങിയ സംഘമാണ് പത്തു പേര്‍ അടങ്ങുന്ന ഇന്ത്യന്‍ പെട്രോളിംഗ് സംഘത്തിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
ഒരു മാസത്തിനിടെ ഏഴാം തവണയാണ് പൂഞ്ച്, രജോരി സെക്ടറുകളില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാക്കിസ്ഥാന്റെ പതിവായി മാറിയിരിക്കുകയാണ്. കാശ്മീരിലെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് പാക്ക് സൈനീക മേധാവി ഖമര്‍ ജാവേദ് ബജ്‌വ പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് നിയന്ത്രണ രേഖയില്‍ ഇന്ത്യയ്ക്കു നേരേ പാക്ക് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയതോടെ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ശക്തി പ്രാപിക്കുകയാണ്.
അതിനിടെ കശ്മീര്‍ താഴ്വരയില്‍ ബാങ്ക് വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന വാനിനു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ ആശുപത്രിയേക്കു മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല