സ്വന്തം ലേഖകന്‍: പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ വധിച്ചത് മൂര്‍ച്ച കുറഞ്ഞ ആയുധം കൊണ്ട് തലക്കടിച്ചാണെന്ന് പ്രതി സതീഷ് ബാബു. പല ക്രിമിനല്‍ സംഘങ്ങളുമായും കാസര്‍ഗോഡ് സ്വദേശിയായ സതീഷിന് ബന്ധമുള്ളതായും പോലീസ് വെളിപ്പെടുത്തി.
മോഷണം ലക്ഷ്യം വച്ചല്ല കൊല നടത്തിയതെന്നു പ്രതി മൊഴി നല്‍കിയിട്ടുണ്ട്. പ്രത്യേക മാനസിക വൈകൃതത്തിന് ഉടമയാണു സതീഷെന്നും പൊലീസ് പറയുന്നു. കൊല നടത്തിയ ശേഷം പാലായില്‍ നിന്നു മുങ്ങിയ സതീഷ് ചെന്നൈയിലെത്തി അവിടെ നിന്നു ഡെറാഡൂണിലേക്കു ടിക്കറ്റ് ബുക്ക് ചെയ്താണു ട്രെയിനില്‍ കയറിയത്.
എന്നാല്‍ വഴിയെ ഹരിദ്വാറിലിറങ്ങി മസൂറിയിലേക്കു പോയി. തിരിച്ചു വീണ്ടും ഹരിദ്വാറിലെത്തി. ഇതിനിടെ സതീഷിന്റെ മൊബൈല്‍ ഫോണും പഴ്‌സും നഷ്ടപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണു ഹരിദ്വാറിലെ അയ്യപ്പക്ഷേത്രം വക അതിഥി മന്ദിരത്തിലെത്തിയതെന്നും ഹരിദ്വാര്‍ പോലീസ് അറിയിച്ചു.
ഹരിദ്വാറില്‍ 23 ന് അര്‍ധരാത്രിയോടെ പിടിയിലായ സതീഷിനെ ഇന്നലെ പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു ഹരിദ്വാര്‍ പൊലീസ് കൈമാറി. പ്രതിയുമായി പൊലീസ് വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല