സ്വന്തം ലേഖകന്‍: പാലാ ലിസ്യൂ മഠത്തിലെ കന്യാസ്ത്രീയുടെ കൊലപാതകം, പ്രതി ഹരിദ്വാറില്‍ അറസ്റ്റിലായി. കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് ഹരിദ്വാറിലെ ഒരു മഠത്തില്‍വെച്ച് പിടിയിലായത്. ഉത്തരാഖണ്ഡ് പോലീസാണ് ഇന്നലെ അര്‍ധരാത്രി ഇയാളെ പിടികൂടിയത്.
പേഴ്‌സും പണവും നഷ്ടപ്പെട്ട് കുടുങ്ങിയെന്ന വ്യാജേനയാണ് ഇയാള്‍ മഠത്തില്‍ എത്തിപ്പെട്ടത്. തുടര്‍ന്ന് സംശയം തോന്നിയ മഠം അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തരാഖണ്ഡ് പോലീസ് വിവരമറിയിച്ചതനുസരിച്ച് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ അവിടെ എത്തിയ ശേഷമായിരിക്കും സതീഷ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുക.
നേരത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ തിരിച്ചറിയാനായത്. മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തുന്ന സതീഷ് മാനസിക രോഗിയാണെന്നും സൂചനയുണ്ട്. കൊലപാതകത്തിനുശേഷവും ഇയാള്‍ പാലയില്‍ ഉണ്ടായിരുന്നതായാണ് സൂചന.
38 കാരനായ സതീഷ് ബാബു ക്വട്ടേഷന്‍ ആക്രമണങ്ങളിലും പ്രതിയാണ്.
ഈ മാസം 17 നാണ് 69 കാരിയായ കന്യാസ്ത്രീ അമല പാലായിലെ കോണ്‍വെന്റില്‍ കൊല്ലപ്പെടുന്നത്. തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് സിസ്റ്റര്‍ അമലയെ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല