സ്വന്തം ലേഖകന്‍: പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവം, പ്രതി കാസര്‍കോഡ് സ്വദേശി, മാനസിക രോഗിയെന്ന് സംശയം. കാസര്‍കോഡ് സ്വദേശി സതീഷ് ബാബുവാണ് യഥാര്‍ത്ഥ കൊലയാളിയെന്ന് പോലീസ് വ്യക്തമാക്കി.
ചെറുകിട മോഷണമാണ് സതീഷിന്റെ പതിവെന്ന് പോലീസ് പറയുന്നു. എന്നാല്‍, മോഷണശ്രമത്തിനിടെയാണോ കൊലപാതകം നടന്നതെന്ന് സ്ഥിരീകരിക്കാനാവില്ല. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എഡിജിപി കെ.പത്മകുമാര്‍ അറിയിച്ചു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ തിരിച്ചറിയാനായത്. മഠങ്ങള്‍ കേന്ദ്രീകരിച്ച് അക്രമം നടത്തുന്ന സതീഷ് മാനസിക രോഗിയാണെന്നും വാര്‍ത്തകലുണ്ട്. കൊലപാതകത്തിനുശേഷവും ഇയാള്‍ പാലയില്‍ ഉണ്ടായിരുന്നതായാണ് സൂചന.
38 കാരനായ സതീഷ് ബാബു ക്വട്ടേഷന്‍ ആക്രമണങ്ങളിലും പ്രതിയാണ്. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശി കെ.പി നാസര്‍ എന്നയാള്‍ മദ്യലഹരിയില്‍ താനാണ് അമലയെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, വാര്‍ത്താപ്രാധാന്യം നേടാന്‍ വേണ്ടി ഇയാള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ വ്യക്തമായതിനെ തുടര്‍ന്ന് നാസറിനെ വിട്ടയക്കുകയായിരുന്നു.
ഈ മാസം 17 നാണ് 69 കാരിയായ കന്യാസ്ത്രീ അമല പാലായിലെ കോണ്‍വെന്റില്‍ കൊല്ലപ്പെടുന്നത്. തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് സിസ്റ്റര്‍ അമലയെ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല