സ്വന്തം ലേഖകന്‍: പാലക്കാട് ഐഐടി പ്രവര്‍ത്തനം തുടങ്ങി, 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ത്ഥികള്‍. ഡല്‍ഹിയില്‍നിന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നു. ഇന്‍ഫോസിസ് സഹസ്ഥാപകനും വ്യവസായസംരംഭകനുമായ ക്രിസ് ഗോപാലകൃഷ്ണന്റെ പ്രചോദന പ്രഭാഷണത്തോടെയാണ് ക്ലാസുകളുടെ ആരംഭം.
പ്രശസ്ത വ്യവസായ സംരംഭകരായ ചെന്നൈ ഐ.ഐ.ടി.യിലെ പൂര്‍വവിദ്യാര്‍ഥികള്‍, ചെന്നൈ ഐ.ഐ.ടി. ഡയറക്ടര്‍, പാലക്കാട് ഐ.ഐ.ടി.യുടെ ഡയറക്ടര്‍ ഇന്‍ചാര്‍ജ് തുടങ്ങിയവര്‍ ആദ്യദിനം ക്ലാസെടുത്തു.
മലയാള പുതുവര്‍ഷപ്പിറവി ദിനത്തിലാണ് ഐ.ഐ.ടി.യുടെ ഔദ്യോഗിക ഉദ്ഘാടനം. അന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാളയാറിനടുത്ത് കനാല്‍പിരിവില്‍ അഹല്യാ അങ്കണത്തിലാണ് താത്കാലിക കാമ്പസ്.
2014 ജൂലായ് പത്തിന് കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച അഞ്ച് ഐ.ഐ.ടി. കളില്‍ ആദ്യം യാഥാര്‍ഥ്യമാകുന്നത് പാലക്കാടാണ്. 2014 സപ്തംബര്‍ 26 നാണ് കേരളത്തില്‍ ഐ.ഐ.ടി.ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് സര്‍ക്കാരിന് കിട്ടിയത്.
സ്ഥിരം കാമ്പസിനായി പുതുശ്ശേരിയില്‍ 500 ഏക്കര്‍ ഏറ്റെടുക്കല്‍ അന്തിമഘട്ടത്തിലാണ്. ഡിസംബറിനുള്ളില്‍ സ്ഥലമേറ്റെടുത്ത് വേലികെട്ടി കൈമാറും. അതോടെ, കേരളസര്‍ക്കാരിന്റെ ചുമതല പൂര്‍ത്തിയാകും.
തുടര്‍ന്ന്, കേന്ദ്ര മാനവശേഷി മന്ത്രാലയം സ്ഥിരംകെട്ടിടം പണിയും. മൂന്നുവര്‍ഷംകൊണ്ട് ഐ.ഐ.ടി. പഠനം സ്ഥിരംകാമ്പസിലാകും.
കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ തുടങ്ങി നാല് എന്‍ജിനിയറിങ് കോഴ്‌സുകളാണ് തുടക്കത്തിലുള്ളത്. പ്രവേശനപരീക്ഷയില്‍ 2,800 മുതല്‍ 10,000 റാങ്കുവരെ നേടിയവരുണ്ട് പാലക്കാട് ഐ.ഐ.ടി.യില്‍. പത്തുവര്‍ഷംകൊണ്ട് ഈ ഐ.ഐ.ടി.യില്‍ 10,000 വിദ്യാര്‍ഥികളും ആയിരത്തോളം അധ്യാപകരുമുണ്ടാകുമെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല