സ്വന്തം ലേഖകന്‍: പലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെടാനൊരുങ്ങുകയാണ് വത്തിക്കാന്‍. പ്രശ്‌നത്തില്‍ ഇസ്രയേലിനുള്ള രൂക്ഷമായ എതിര്‍പ്പ് മറികടന്നാണ് വത്തിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ തയ്യാറാക്കുന്നത്. പലസ്തീന്‍ രാഷ്ട്ര പ്രശ്‌നവുമായി ബന്ധപ്പെട്ട വത്തിക്കാന്‍ കരാറിനുള്ള തയാറെടുപ്പുകള്‍ക്കിടെ, ഫ്രാന്‍സിസ് മാര്‍പാപ്പയും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും കൂടിക്കാഴ്ച നടത്തി.
മഹ്മൂദ് അബ്ബാസിനെ മാര്‍പ്പാപ്പ സമാധാനത്തിന്റെ മാലാഖയെന്നു വിശേഷിപ്പിച്ച കൂടിക്കാഴ്ച ഇരുപതു മിനിറ്റ് നീണ്ടു. പലസ്തീന്‍ അറബ് വംശജരായ രണ്ടു കന്യാസ്ത്രീകളെ വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണച്ചടങ്ങ് ഇന്ന് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും തമ്മില്‍ കണ്ടത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പലസ്തീനിലെ മേരി അല്‍ഫോന്‍സൈന്‍ ഖട്ടാസ്, ഗലീലിയിലെ മരിയം ബവാര്‍ഡി എന്നീ കന്യാസ്ത്രീകള്‍ക്കാണ് വിശുദ്ധപദവി നല്‍കുക.
പലസ്തീന്‍, ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്ക് ദ്വിരാഷ്ട്ര സമവായത്തിലൂടെ പരിഹാരം നിര്‍ദേശിക്കുന്ന കരാറിനാണ് വത്തിക്കാന്‍ തയ്യാറെടുക്കുന്നത്.
രണ്ടു വര്‍ഷം മുന്‍പാണു വത്തിക്കാന്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത്. പലസ്തീന്‍ രാഷ്ട്രമെന്നു തന്നെയാണ് പുതിയ കരാറിലെ പരാമര്‍ശവും എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, വത്തിക്കാന്‍ കരാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ രംഗത്തെത്തി. പുതിയ കരാര്‍ സമാധാന നടപടികള്‍ക്കു വിഘാതമാകുമെന്നാണ് ഇസ്രയേലിന്റെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല