സ്വന്തം ലേഖകന്‍: വെസ്റ്റ് ബാങ്കില്‍ ഫലസ്തീനും ഇസ്രായേലും തമ്മില്‍ സംഘര്‍ഷം രൂക്ഷം, 350 ഓളം ഫലസ്തീനികള്‍ ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടി. ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരാള്‍ മരിക്കുകയും വനിത ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പരിക്കേറ്റവരുടെ എണ്ണം 600 കവിഞ്ഞു.
കിഴക്കന്‍ ജറൂസലമിലാണ് ഫലസ്തീനി വനിതക്ക് നേരെ ഇസ്രായേല്‍ യുവാവ് വെടിയുതിര്‍ത്തത്. കിഴക്കന്‍ ജറൂസലമിനടുത്ത സുര്‍ബഹേറിലെ ശുറൂഖ് ദൈയാതിനാണ് വെടിയേറ്റത്. മറ്റൊരു സംഭവത്തില്‍ ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈനികന്‍ വെടിവെച്ചു കൊലപ്പെടുത്തി. ഫലസ്തീന്‍ യുവാവ് ആക്രമിച്ച് കൈവശമുള്ള ആയുധങ്ങള്‍ കവരാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ സൈനികന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം മൂന്നു ഫലസ്തീനികളുടെ ഭവനം ഇസ്രായേല്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇസ്രായേലിനെ ആക്രമിച്ച ഫലസ്തീനികളുടെ വീടാണ് തകര്‍ത്തത്. ശനിയാഴ്ച മുഹന്നദ് ഹലബിയെന്ന ഫലസ്തീന്‍ യുവാവിനെ രണ്ട് ഇസ്രായേല്‍ യുവാക്കള്‍ കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്ച മുതല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ പരിക്കേറ്റ് 600 ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈനികന്‍ ഫലസ്തീന്‍ ബാലനെ വെടിവെച്ചുകൊന്നു. ഈ വര്‍ഷം ഇസ്രായേലിന്റെ തോക്കിനിരയാകുന്ന ആറാമത്തെ കുട്ടിയാണിത്. അടുത്തിടെ ഫലസ്തീനെതിരെ ഇസ്രായേല്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ ഗസ്സയിലും ഫലസ്തീനിലും പ്രതിഷേധം തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല