സ്വന്തം ലേഖകന്‍: ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പലസ്തീന്‍ നഴ്‌സിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ക്കിരയായ പലസ്തീന്‍ യുവാവിനെ പരിചരിക്കാന്‍ ശ്രമിക്കുമ്പോഴാണ് റസാന്‍ അല്‍ നജാറെന്ന ഇരുപത്തിയൊന്നുകാരിയ്ക്ക് വെടിയേറ്റത്. ഗാസയില്‍ റസാന് യാത്രാമൊഴി നല്‍കാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
വെള്ളിയാഴ്ച യൂനിസ് പട്ടണത്തില്‍ പ്രക്ഷോഭകരും ഇസ്രായേലിന്റെ സൈനികരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ പരുക്കേറ്റ യുവാവിനെ രക്ഷിക്കാനായി അതിര്‍ത്തിയിലെത്തിയപ്പോഴാണ് റസാന്‍ അല്‍ നജാറിന് വെടിയേറ്റത്. പാരാമെഡിക്കല്‍ വൊളണ്ടിയറായിരുന്ന റസാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ പരുക്കേറ്റ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് സൈനികരുടെ തോക്കിനിരയായത്.
നഴ്‌സിനുള്ള വെള്ള യൂണിഫോം അണിഞ്ഞിരുന്ന റസാന്‍ കൈകള്‍ ഉയര്‍ത്തി വീശി താന്‍ നഴ്‌സാണെന്ന് അറിയിച്ചുവെങ്കിലും ഫലമുണ്ടായില്ല. നെഞ്ചില്‍ത്തന്നെ ഇസ്രായേല്‍ സൈന്യം നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ധീരയും കാരുണ്യത്തിന്റെ മാലാഖയുമായ നജറിന്റെ ഓര്‍മ്മകള്‍ അവളുടെ ഘാതകരുടെ കാലം കഴിഞ്ഞാലും നിലനില്‍ക്കുമെന്ന് പലസ്തീന്‍ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല