സ്വന്തം ലേഖകന്‍: ‘മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരും’, പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോട് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഭീഷണി. കോളേജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
തങ്ങളുടെ രക്ഷിതാക്കളെ ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നാല് വിദ്യാര്‍ഥികളാണ് രംഗത്തെത്തിയത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പണവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞുവെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ‘ഇപ്പോള്‍ നിങ്ങളുടെ മക്കളെ കോളേജില്‍ വന്നാല്‍ കാണാന്‍ സാധിക്കും. ഇനി ഹോസ്പിറ്റലിലോ മോര്‍ച്ചറിയിലോ വിദ്യാര്‍ഥികളെ കാണേണ്ട ഗതി വരും,’ എന്നാണ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട പി ടി എ മീറ്റിങ്ങില്‍ ഈ നാല് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചിരുന്നില്ല. പിന്നീട് ഇവര്‍ക്കായി പ്രത്യേകം വിളിച്ച യോഗത്തിലായിരുന്നു ഭീഷണി. ഇത് സംബന്ധിച്ച് പോലീസിനും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.
ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാമ്പാടി നെഹ്‌റു കോളേജിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. കൃഷ്ണ ദാസിനെ ശനിയാഴ്ച്ച എഐഎസ്എഫ് എഐവൈഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.
അതിനിടെ ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണം പി കൃഷ്ണദാസ് ആവര്‍ത്തിച്ചു. കോപ്പയടിയുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ ജിഷ്ണുവിനെ ഉപദേശിച്ചിരുന്നു. സന്തോഷത്തോടെ പോയ ജിഷ്ണു പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും കൃഷ്ദാസ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല