സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രഹസ്യരേഖകള്‍, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ജോലി പോയി. വിദേശ രാജ്യങ്ങളില്‍ രഹസ്യ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടൂര്‍ ഗുണ്‍ലോഗ്‌സണ്‍ രാജിവച്ചു. പനാമ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ തിങ്കളാഴ്ച പാര്‍ലമെന്റിനു മുന്നിലേക്ക് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധം പ്രകടനം നടന്നിരുന്നു.
പ്രതിപക്ഷം സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും കൊണ്ടുവന്നു. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി പ്രസിഡന്റ് ഒലഫര്‍ റാഗ്‌നര്‍ ഗ്രിംസണിനെ സമീപിച്ചുവെങ്കിലും അദ്ദേഹം അതിനു വഴങ്ങാതെ വന്നതോടെയാണ് രാജി.
സിഗ്മണ്ടൂരിനും ഭാര്യയ്ക്കും വിദേശ കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് പനാമ രേഖയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ ഓഹരി ഭാര്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നും സിഗ്മണ്ടൂര്‍ വ്യക്തമാക്കി. ഇരുവരും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.
ലാറ്റിനമേരിക്കന്‍ രാജ്യമായ പനാമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൊസാക് ഫെന്‍സെക കമ്പനി വഴി നികുതിയിളവുള്ള വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളടങ്ങിയ 11.5 കോടി രേഖകളാണ് ചോര്‍ന്നത്. ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരങ്ങളും വ്യവസായികളും രാഷ്ട്രീയക്കാരുമടക്കം ഒട്ടേറെ പ്രമുഖര്‍ പട്ടികയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല