സ്വന്തം ലേഖകന്‍: അനധികൃത സ്വത്തു സമ്പാദന കേസ്, പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പാക് സംഘം ലണ്ടനിലേക്ക്. നവാസ് ഷെരീഫിന്റേയും കുടുംബത്തിന്റെയും വിദേശ സ്വത്ത് സംബന്ധിച്ച തെളിവെടുപ്പിനായി പാകിസ്താന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) യുടെ പ്രത്യേകാന്വേഷണ സംഘമാണ് ലണ്ടന്‍ സന്ദര്‍ശിക്കുന്നത്.
ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കും ലണ്ടനിലെ സമ്പന്നരുടെ മേഖലയില്‍ കെട്ടിടങ്ങളും അനധികൃത സ്വത്തുമുണ്ടെന്ന പാനമ രേഖകള്‍ പുറത്തുവന്നതിനേ തുടര്‍ന്ന് പാക് സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി സ്ഥാനത്തിനു പുറമേ ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിംലീഗ് (നവാസ്) അധ്യക്ഷ സ്ഥാനത്തുനിന്നും അദ്ദേഹത്തിനു രാജിവയ്‌ക്കേണ്ടി വന്നു.
ഷെരീഫിന്റെയും മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവരുടെയും സ്വത്ത് സംബന്ധിച്ച് ബ്രിട്ടീഷ് അധികൃതര്‍ ഉള്‍പ്പെടെയുള്ള ചില പ്രധാന സാക്ഷികളില്‍നിന്നു മൊഴിയെടുക്കുമെന്ന് എന്‍.എ.ബി. ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. മറിയത്തിന്റെ ഭര്‍ത്താവ് റിട്ട. ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദറിനെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഡ് വാറന്റ് പുറപ്പെടുവിച്ചാലുടന്‍ ഹസനെയും ഹുസൈനെയും വിട്ടുകിട്ടണമെന്ന് എന്‍.എ.ബി. ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെടും.
നിലവില്‍ പാകിസ്താനും ബ്രിട്ടനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്ല. അതുകൊണ്ടുതന്നെ ഇന്റര്‍പോള്‍ റെഡ് വാറന്റ് പുറപ്പെടുവിച്ചാലും ഇവരെ വിട്ടുകിട്ടാന്‍ പാകിസ്താനു ബ്രിട്ടീഷ് കോടതിയെ സമീപിക്കേണ്ടിവരും. ലണ്ടനില്‍ കഴിയുന്ന തന്റെ സഹോദരങ്ങള്‍ക്കുമേല്‍ പാക് നിയമം പ്രയോഗിക്കാനാവില്ലെന്നാണു മറിയത്തിന്റെ നിലപാട്.
ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിംലീഗ് (എന്‍) അധ്യക്ഷനായി കഴിഞ്ഞ മൂന്നിനു നവാസ് ഷെരീഫിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല