സ്വന്തം ലേഖകൻ: മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് പ്രവേശനം കാത്ത് 1500 ഗുജറാത്തികള്‍. കോവിഡ് മഹാമാരിക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ യുഎസ്-മെക്‌സിക്കോ അതിർത്തിയിലെ ടെന്‍റുകളിൽ പ്രതീക്ഷയോടെ കഴിയുകയാണ് ഇവര്‍.
വടക്കൻ ഗുജറാത്ത് മേഖലയിൽ നിന്നുള്ള നിരവധി പേരാണ് അമേരിക്കയില്‍ അഭയം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ മെക്സിക്കോ അതിര്‍ത്തിയില്‍ കഴിയുന്നത്. മറ്റ് രാജ്യങ്ങളിലെ പൗരന്മാരും അവിടെയുണ്ട്- “യുഎസിൽ അഭയം തേടുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും വടക്കൻ ഗുജറാത്ത്, ചരോതർ മേഖലയില്‍ നിന്നുള്ളവരാണ്. പ്രധാനമായും ഗാന്ധിനഗർ, മെഹ്‌സാന, ഖേദ ജില്ലകളിൽ നിന്നുള്ളവര്‍”- പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് മഹാമാരിക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ മെയ് 11ന് യുഎസ് ബോർഡർ പട്രോളിൽ 28,717 പേർ കസ്റ്റഡിയിലുണ്ടായിരുന്നു. മെക്സിക്കോ അതിർത്തിയിലെ താൽക്കാലിക ക്യാമ്പുകളിൽ നിന്നുള്ള ഗുജറാത്തികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുജറാത്തിൽ നിന്നുള്ള അയ്യായിരത്തിലധികം ആളുകൾ അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ പ്രവേശനം കാത്ത് നില്‍ക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ചിലര്‍ വീഡിയോയില്‍ തങ്ങളുടെ ദുരവസ്ഥ വിശദീകരിച്ചു.
യുഎസ് മുന്‍ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് 2020ൽ കോവിഡിന്‍റെ തുടക്ക കാലത്ത് ടൈറ്റിൽ 42 പൊതുജനാരോഗ്യ നിയമം നടപ്പാക്കിയിരുന്നു. ഇത് അതിര്‍ത്തികളിലൂടെയുള്ള അഭയാര്‍ഥി പ്രവേശനം നിയന്ത്രിച്ചു. ഈ വര്‍ഷം മെയ് 11 വരെ നിയന്ത്രണം നിലനിന്നു. ഈ നിയന്ത്രണം എടുത്തുമാറ്റിയതോടെ അമേരിക്കയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്തികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല