സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയില്‍ കസേരക്കളി, പനീര്‍ശെല്‍വത്തിന് പിന്തുണയുമായി തമിഴ്‌നാട് ഗവര്‍ണറും സമൂഹ മാധ്യമങ്ങളും. എഐഎഡിഎംകെയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ ഒ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്തെത്തി. പനീര്‍സെല്‍വം യോഗ്യത ഇല്ലാത്ത ആള്‍ അല്ലെന്ന് ഗവര്‍ണര്‍ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.
യോഗ്യതയുള്ളയാളാണ് പനീര്‍സെല്‍വം. അദ്ദേഹത്തിന് ഭരണപരിചയം ഉണ്ട്. ഇപ്പോഴത്തെ സാഹചര്യം കൈകാര്യം ചെയ്യാന്‍ പനീര്‍സെല്‍വത്തിന് കഴിയുമെന്നും വിദ്യാസാഗര്‍ റാവു പറഞ്ഞു. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്താന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഗവര്‍ണര്‍ ചെന്നൈയില്‍ എത്തിയാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ പനീര്‍സെല്‍വം അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി വിദ്യാസാഗര്‍ റാവു കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ശശികല വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത, 131 എം.എല്‍.എ.മാരേയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.
ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ മറ്റ് പാര്‍ട്ടികളോ, ഒ. പനീര്‍ശെല്‍വമോ എം.എല്‍.എ.മാരെ സ്വാധീനിക്കാതിരിക്കാനാണ് ഈ നീക്കം. പാര്‍ട്ടി ആസ്ഥാനത്ത് നിന്നും പ്രത്യേക ബസുകളിലാണ് എം.എല്‍.എ.മാരെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഗവര്‍ണര്‍ എത്തിച്ചേരുന്നത് വരെ എം.എല്‍.എ.മാര്‍ അജ്ഞാത കേന്ദ്രത്തില്‍ തുടരുമെന്നാണ് സൂചന.
വിമതപക്ഷത്ത് നില്‍ക്കുന്ന ഒ. പനീര്‍ശെല്‍വം ഉള്‍പ്പെടെ മൂന്ന് എം.എല്‍.എ.മാര്‍ മാത്രമാണ് ശശികല വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും വിട്ടു നിന്നത്. ഗവര്‍ണര്‍ മന;പ്പൂര്‍വം ശശികലയുടെ സത്യപ്രതിജ്ഞ നീട്ടിവെയ്ക്കുകയാണെന്ന് ആരോപിച്ച്, തമിഴ്‌നാട് എം.പി.മാര്‍ രാഷ്ട്രപതിയെ കാണാനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
അതിനിടെ പനീര്‍സെല്‍വവും ജയലളിതയുടെ സഹോദരി പുത്രി ദീപ ജയകുമാറുമായി ഒരുമിച്ചു നീങ്ങാന്‍ ധാരണയായതായും സൂചനയുണ്ട്. എഐഡിഎംകെ യുടെ മുതിര്‍ന്ന നേതാക്കളായ പി.എച്ച്. പാണ്ഡ്യന്‍, മുനിസ്വാമി തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും പനീര്‍നെല്‍വത്തിനുണ്ട്. പുതിയ മുന്നണി സംബന്ധിച്ച വിവരം പനീര്‍സെല്‍വം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം 24 ന് ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജയലളിതയുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന് ശേഷം കൂടുതല്‍ വിശദീകരണത്തിനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പനീര്‍ശെല്‍വം.
ജയലളിതയുടെ മരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ അടുത്ത കാലത്ത് ഉയര്‍ന്നു വന്നിരുന്നു. അതിനെക്കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അതിനായി ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തും. പനീര്‍ശെല്‍വം വ്യക്തമാക്കി.
പാര്‍ട്ടിയെയും ജയലളിതയെയും ഒറ്റുകൊടുത്തവനാണ് പനീര്‍ശെല്‍വമെന്ന് അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികല പറഞ്ഞു. പോയസ് ഗാര്‍ഡനില്‍ പാര്‍ട്ടി എം.എല്‍.എമാരുടെ യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു ശശികലയുടെ രൂക്ഷ പ്രതികരണം.
മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പനീര്‍ശെല്‍വത്തെ ആരും നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ഭരണനേതൃത്വം ഏറ്റെടുക്കാന്‍ പനീര്‍ശെല്‍വം അടക്കമുള്ളവരാണ് തന്നോട് ആവശ്യപ്പെട്ടത്. ജയലളിത മരിച്ച ദുഃഖംമൂലമാണ് ഇത്രയും നാള്‍ അതിനു തയാറാകാതിരുന്നതെന്നും ശശികല വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല