സ്വന്തം ലേഖകന്‍: ചായക്കടക്കാരനില്‍ നിന്ന് 2200 കോടി ആസ്തിയിലേക്ക്, അനധികൃത സ്വത്തുസമ്പാദന വിവാദത്തില്‍ കുടുങ്ങി തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം. 20,000 രൂപ വായ്പയെടുത്തു തേനിയിലെ പെരിയകുളം ജംങ്ഷനില്‍ ചായക്കട തുടങ്ങിയ ഒപിഎസ് എന്ന ഒ.പനീര്‍സെല്‍വത്തിന്റെ ഇന്നത്തെ ആസ്തി 2200 കോടിയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭൂമി വാങ്ങിക്കൂട്ടിയ പനീര്‍സെല്‍വം ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ മറച്ചുവക്കുകയും ചെയ്തതായാണ് ആരോപണം.
വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്നു കോടികള്‍ കൈപ്പറ്റിയെന്നും രേഖകളുണ്ട്.ചായക്കടക്കാരന്‍, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, എംഎല്‍എ എന്നിങ്ങനെയായിരുന്നു പനീര്‍സെല്‍വത്തിന്റെ വളര്‍ച്ച. തേനി, പെരിയകുളം, ആണ്ടിപ്പെട്ടി, കമ്പം, കുമിളി എന്നിവിടങ്ങളിലടക്കം ബിനാമി പേരിലും ബന്ധുക്കളുടെ പേരിലും ഒപിഎസ് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ 1.5 കോടിയോളം രൂപയുടെ ആസ്തി മാത്രമാണു രേഖപ്പെടുത്തിയത്.
തെങ്കരൈ എന്ന പ്രദേശത്തു മാത്രം നിരവധി വീടുകള്‍ ഒപിഎസിന്റെ കുടുംബാംഗങ്ങളുടേതായുണ്ട്. ഭാര്യ വിജയലക്ഷ്മി, മക്കളായ കവിത, ഭാനു എന്നിവരുടെ സ്വത്തിലും വന്‍ വര്‍ധനവുണ്ടായി. ആണ്‍ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാര്‍ എന്നിവര്‍ക്ക് 2000 കോടിയോളമാണ് ആസ്തി. 11 വന്‍കിട കമ്പനികളില്‍ നിക്ഷേപവുമുണ്ട്.
വിവാദ മണല്‍ ഖനന വ്യവസായി ശേഖര്‍ റെഡ്ഡിയുമായി പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിവിധ ആളുകള്‍ മുഖേന കോടികളാണ് ഒപിഎസ് കൈപ്പറ്റിയത് എന്നാണ് ഡയറിലുള്ളത്. മറ്റ് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയ വിവരങ്ങളും പുറത്തായ ഡയറിയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല