നവസമൂഹസൃഷ്ടിക്കായുള്ള ആഹ്വാനവുമായി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കമ്യൂണിസ്റ് ക്യൂബയില്‍ സന്ദര്‍ശനം തുടങ്ങി. നവീകരിക്കപ്പെട്ടതും തുറവിയുള്ളതുമായ ഒരു സമൂഹത്തിന്റെ നിര്‍മാണത്തിനു ക്യൂബന്‍ ജനത തയാറാകണമെന്ന്, ലോകം ഉറ്റുനോക്കുന്ന സന്ദര്‍ശനത്തിന്റെ ആദ്യദിനം അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വിശ്വാസത്തില്‍ വളരാന്‍ ക്യൂബന്‍ ജനതയെ ആഹ്വാനം ചെയ്ത മാര്‍പാപ്പ, ക്രിസ്തുവിലും ക്രിസ്തുവിനുവേണ്ടിയും ജീവിക്കാന്‍ അവരെ ക്ഷണിച്ചു. കുറച്ചുകൂടി മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കേണ്ടത് സമാധാനവും ക്ഷമയും ആയുധമാക്കി വേണം. പുതിയ സാമൂഹ്യക്രമത്തില്‍ പരസ്പരം മനസിലാക്കലിനു വലിയ പ്രാധാന്യമുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്യ്രം ജനങ്ങളുടെ അടിസ്ഥാന അവകാശമാണെന്നും അത് അനുവദിക്കാന്‍ ക്യൂബ തയാറാകണമെന്നുമുള്ള പരോക്ഷ സന്ദേശമാണു മാര്‍പാപ്പ സാന്തിയാഗോയിലെ തുറന്ന വേദിയില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടയില്‍ നല്കിയത്.
തലസ്ഥാനമായ ഹവാനയില്‍നി ന്നു 900 കിലോമീറ്റര്‍ അകലെയുള്ള, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സാന്തിയാഗോയില്‍ മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ ഉള്‍പ്പെടെ രണ്ടു ലക്ഷത്തോളം പേര്‍ സംബന്ധിച്ചു. കടുത്ത ചൂടു വകവയ്ക്കാതെ വെളുത്ത തൂവാലകള്‍ ഉയര്‍ത്തിവീശി ആവേശത്തോടെയാണ് അവര്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നത്. മാര്‍പാപ്പയ്ക്കു സ്വാഗതമോതി വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ വത്തിക്കാന്റെയും ക്യൂബയുടെയും പതാകകള്‍ പാറിക്കളിച്ചു. മാര്‍പാപ്പയെ കാണാനും കേള്‍ക്കാനും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാനുമായി വളരെഅകലെ നിന്നുപോലും ജനങ്ങള്‍ കൂട്ടംകൂട്ടമായി തലേദിവസംതന്നെ എത്തിയിരുന്നു. ക്യൂബന്‍ പതാകയെ സൂചിപ്പിക്കുന്ന നീല, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പുഷ്പങ്ങള്‍കൊണ്ടാണ് അള്‍ത്താര അലങ്കരിച്ചിരുന്നത്.
മാര്‍പാപ്പയെ സ്വീകരിക്കാനും ദിവ്യബലിയില്‍ സംബന്ധിക്കാനുമായി തൊഴിലാളികള്‍ക്ക് ഇന്നലെ സര്‍ക്കാര്‍ അവധി നല്കിയിരുന്നു. ക്യൂബന്‍ കമ്യൂണിസ്റ് പാര്‍ട്ടി അംഗങ്ങള്‍ ചടങ്ങുകളില്‍ സംബന്ധിക്കണമെന്നു പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കമ്യൂണിസം തുലയട്ടെ എന്ന മുദ്രാവാക്യം വിളിയോടെ ഒരു യുവാവ് അപ്രതീക്ഷിതമായി അള്‍ത്താരയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത് ചെറിയ തോതിലുള്ള ബഹളത്തിനിടയാക്കി. ഉടന്‍ രംഗത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ യുവാവിനെ പിടികൂടി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മെക്സിക്കോയില്‍ നിന്ന് സാന്തിയാഗോ വിമാനത്താവളത്തിലിറങ്ങിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ പ്രസിഡന്റ് റൌള്‍ കാസ്ട്രോ ഹസ്തദാനം ചെയ്തു സ്വീകരിച്ചു.
എല്ലാ ക്യൂബക്കാരുടെയും വികാരങ്ങളും വിചാരങ്ങളും സ്വപ്നങ്ങളും സഹനങ്ങളും സന്തോഷങ്ങളും പ്രതീക്ഷകളും ഹൃദയത്തില്‍ സ്വാംശീകരിച്ചാണു താന്‍ വന്നിരിക്കുന്നതെന്നു വിമാനത്താവളത്തില്‍ മാര്‍പാപ്പ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല