മഗ്ദലന മറിയവും യേശു ക്രിസ്തുവും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു എന്ന് അവകാശപ്പെടുന്ന പാ്പ്പിറസ് ചുരുളുകളുടെ ആധികാരികതയില്‍ സംശയമുണ്ടെന്ന് ചരിത്രകാരന്‍മാര്‍. ഉത്തര ഈജിപ്തില്‍ നിന്ന് കണ്ടെടുത്തതെന്ന് പറയപ്പെടുന്ന ഈ പാപ്പിറസ് ചുരുളുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാകാനാണ് സാധ്യതയെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. ക്രിസ്തു ബ്രഹ്മചാരി അല്ലെന്ന് രേഖപ്പെടുത്തിയ ഈ രേഖ ചുരുങ്ങിയ സമയത്തിനുളളില്‍ വിവാദമായിരുന്നു. റോമില്‍ നടന്ന കോപ്ടിക് കോണ്‍ഫറന്‍സിലാണ് വിദഗ്ദ്ധരായ ചരിത്രകാരന്‍മാര്‍ രേഖകളുടെ ആധികാരികത ചോദ്യം ചെയ്തത്.
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ക്രിസ്ത്യന്‍ വിശ്വാസത്തെ തന്നെ വെല്ലുവിളിക്കുന്നതായിരുന്നു രേഖകളിലെ വെളിപ്പെടുത്തല്‍. എട്ട് സെന്റിമീറ്റര്‍ വീതിയും നാല് സെന്റീമീറ്റര്‍ നീളവും ഉളള ഈ പാപ്പിറസ് ചുരുള്‍ പുരാതനമായ ഈജിപ്ഷ്യന്‍ നാട്ട് ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. മറിയത്തനെതിരേയുളള ചില വിമര്‍ശനങ്ങളെ യേശു എതിര്‍ക്കുന്ന ഭാഗത്താണ് അവള്‍ എന്റെ ഭാര്യയാണ് എന്ന പ്രയോഗം യേശു നടത്തിയിരിക്കുന്നത് എന്നായിരുന്നു ഹവാര്‍ഡിലെ ഗവേഷകര്‍ പറഞ്ഞിരുന്നത്. ഒപ്പം അവള്‍ എന്നോടൊപ്പം കഴിയുന്നു, അവളും എന്റെ ശിഷ്യ തന്നെ എന്നിങ്ങനെയുളള പ്രയോഗങ്ങളും ഉണ്ട്.
രേഖകളില്‍ എന്റെ ഭാര്യ എന്ന സംബോധന വ്യക്തമായിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മെന്‍സ്റ്ററിലെ കോപ്‌ടോളജി പ്രൊഫസര്‍ സ്റ്റീഫന്‍ എമ്മേല്‍ പറയുന്നു. എന്നാല്‍ രേഖയുടെ രൂപത്തിലും അവയിലെ ഗ്രാമറിലും ഉളള വ്യത്യാസം പാപ്പിറസ് രേഖയുടെ ആധികാരികതയില്‍ സംശയം ഉണര്‍ത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാംബര്‍ഗ് സര്‍വ്വകലാശാലയിലെ പാപ്പിറോളജിസ്റ്റായ അലിന്‍ സ്യുസു ഇത് വെറു കളളത്തരമാണന്ന് ചൂണ്ടിക്കാട്ടി. കോപ്ടിക് ഭാഷാ വിദഗ്ദ്ധനായ വോള്‍ഫ് പീറ്റര്‍ ഫങ്ക് വിവാദമായ പാപ്പിറസ് രേഖകളില്‍ യാതൊരു വാക്യസംബന്ധവും ഇല്ലെന്നും അതിനാല്‍ തന്നെ ഇത് സംശയിക്കത്തക്കതാണെന്നും ചൂണ്ടിക്കാട്ടി.
ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കാരണ്‍ കിംഗാണ് ഈ പാപ്പിറസ് ചുരുളുകളെ പറ്റി പഠനം നടത്തിയത്. പാപ്പിറസ് ചുരുളിനെ കുറിച്ച് ഇനിയും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ആ സാഹചര്യത്തില്‍ രേഖകളുടെ ആധികാരികത ഉറപ്പിക്കാനായി മഷി പരിശോധന നടത്തുമെന്നും കാരണ്‍ കിംഗ് പ്രതികരിച്ചു. യേശു വിവാഹിതനാണ് എന്നതിന് മറ്റ് ചരിത്രപരമായ തെളിവുകളൊന്നും ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ പാപ്പിറസ് ചുരുളിന്റെ ഉടമ അത് വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്ത ഇതിന്റെ ആധികാരികതയെ കുറിച്ച് വീണ്ടും സംശയമുണര്‍ത്തി.
പാപ്പിറസിന്റെ പഴക്കം പരിശോധിച്ചതില്‍ നിന്ന് അവ ക്രിസ്തുവിന്റെ കാലത്തോ കുരിശ് മരണത്തിന് ശേഷമോ ഗ്രീക്ക് ലിപിയില്‍ തയ്യാറാക്കുകയും പിന്നീട് അത് ഈജിപ്ഷ്ന്‍ നാട്ട് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയോ ചെയ്തതാകാമെന്നാണ് കാരണ്‍ നല്‍കിയ വിശദീകരണം. 1945ല്‍ ഈജിപ്തിലെ ഹമാദയില്‍ നിന്നാണ് പാപ്പിറസ് ചുരുളിന്റെ കക്ഷണം കിട്ടിയത്. ഇതിനോടൊപ്പം ക്രിസ്തുവിന്റെ ശിഷ്യരുടെ സുവിശേഷവും കിട്ടിയിരുന്നു. കോപ്ടിക് കോണ്‍ഫറന്‍സില്‍ രേഖകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടതോടെ ഇത് സംബന്ധിച്ച് ഉയര്‍ന്ന വിവാദം താല്‍ക്കാലികമായി കെട്ടടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല